ബ്യൂണസ് ഏറീസ്: പുതുരക്തം കയറ്റി ഇറങ്ങിയിട്ടും ലോകകപ്പ് യോഗ്യതാ ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് രക്ഷയില്ല. ലാറ്റിനമേരിക്കന്‍ റൗണ്ട് യോഗ്യതാ മത്സരത്തില്‍ ഉറുഗ്വായോട് സമനില വഴങ്ങേണ്ടിവന്നു മെസ്സിയുടെ ടീമിന്. സൂപ്പര്‍താരങ്ങളായ മെസ്സിയും സുാവാരസും എഡിന്‍സണ്‍ കവാനിംു മൗറോ ഇക്കാര്‍ഡിയും ഏഞ്ചല്‍ ഡി മരിയയും പൗലി ഡിബാലയുമെല്ലാം അണിനിരന്ന മത്സരം ഗോള്‍രഹിത സമനിലയിലാണ് കലാശിച്ചത്.

ഈ സമനിലയോടെ അര്‍ജന്റീനയുടെ ലോകകപ്പ് ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍ക്കുമേല്‍ നിഴല്‍ വീണിരിക്കുകയാണ്. പതിനഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 23 മത്സരങ്ങളില്‍ നിന്ന് അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് ഫൈനല്‍ റൗണ്ടിന് നേരിട്ട് യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനക്കാര്‍ പ്ലേ ഓഫ് കളിക്കണം.

36 പോയിന്റുള്ള ബ്രസീലാണ് ഒന്നാമത്. 25 പോയിന്റുള്ള കൊളംബിയ രണ്ടാമതും 24 പോയിന്റുള്ള ഉറുഗ്വായ് മൂന്നാമതും 23 പോയിന്റുള്ള ചിലി നാലാമതുമാണ്.

ഫൈനല്‍ റൗണ്ടിന് നേരത്തെ യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞ ബ്രസീല്‍ ഇക്വഡോറിനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചു. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം 69-ാം മിനിറ്റില്‍ പൗലിന്യോയും 76-ാം മിനിറ്റില്‍ കുടിന്യോയുമാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്.

രണ്ടാം സ്ഥാനത്തുള്ള കൊളംബിയക്ക് വെനസ്വേലയോട് ഗോള്‍രഹിത സമനില വഴങ്ങേണ്ടിവന്നു. മറ്റൊരു മത്സരത്തില്‍ പെറു ബൊളീവിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചു. പെറുവിനുവേണ്ടി എഡിസണ്‍ ഫ്‌ളോറസ്, ക്യുവ എന്നിവരും ബൊളീവിയക്കുവേണ്ടി ആല്‍വരെസും ഗോള്‍ നേടി.