സാന്റിയാഗോ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ശക്തരായ അര്‍ജന്റീനയ്ക്കും ബ്രസീലിനും വിജയം. അര്‍ജന്റീന വെനസ്വേലയെയും ബ്രസീല്‍ ചിലിയെയും കീഴടക്കി. 

ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് അര്‍ജന്റീന വെനസ്വേലയെ കീഴടക്കിയത്.  അര്‍ജന്റീനയ്ക്കായി ലൗട്ടാരോ മാര്‍ട്ടിനെസ് (45), ജോക്വിന്‍ കൊറിയ (71), ഏന്‍ഹെല്‍ കൊറിയ (74) എന്നിവര്‍ സ്‌കോര്‍ ചെയ്തു. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് യെഫേഴ്‌സണ്‍ സൊറ്റെല്‍ഡോ വെനസ്വേലയ്ക്കായി ആശ്വാസ ഗോള്‍ നേടി. 

ഈ വിജയത്തോടെ ഏഴുമത്സരങ്ങളില്‍ നിന്നും 15 പോയന്റുമായി അര്‍ജന്റീന പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. നാല് വിജയവും മൂന്ന് സമനിലയുമാണ് അര്‍ജന്റീന നേടിയത്. 

ബ്രസീല്‍ ഏകപക്ഷീയമായ ഒരു ഗോളിന് കരുത്തരായ ചിലിയെയാണ് മറികടന്നത്. 64-ാം മിനിട്ടില്‍ യുവതാരം എവര്‍ട്ടണ്‍ റിബെയ്‌റോയാണ് കാനറികളുടെ വിജയഗോള്‍ നേടിയത്. നെയ്മര്‍, ഗബ്രിയേല്‍ ജെസ്യൂസ്, വിനീഷ്യസ് ജൂനിയര്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ബ്രസീലിനുവേണ്ടി ബൂട്ടുകെട്ടി. 

ഈ വിജയത്തോടെ അപരാജിതരായ ബ്രസീല്‍  പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴു മത്സരങ്ങളില്‍ ഏഴും ജയിച്ച ബ്രസീലിന് 21 പോയന്റുണ്ട്. 

മറ്റൊരു മത്സരത്തില്‍ കരുത്തരായ യുറുഗ്വായിയെ പെറു സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. 24-ാം മിനിട്ടില്‍ റെനറ്റോ ടാപ്പിയയിലൂടെ പെറുവാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 29-ാം മിനിട്ടില്‍ ജിയോര്‍ജിയന്‍ അറസ്‌കേറ്റ യുറുഗ്വായ്ക്ക് വേണ്ടി സമനില ഗോള്‍ നേടി. 

നിലവില്‍ ഏഴു മത്സരങ്ങളില്‍ നിന്നും 9 പോയന്റുള്ള യുറുഗ്വായ് പോയന്റ് പട്ടികയില്‍ നാലാമതും അഞ്ച് പോയന്റുള്ള പെറു ഒന്‍പതാം സ്ഥാനത്തുമാണ്. 

മറ്റു മത്സരങ്ങളില്‍ കൊളംബിയയെ ബൊളീവിയ സമനിലയില്‍ തളച്ചപ്പോള്‍ ഇക്വഡോര്‍ പാരഗ്വായിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ചു. 

Content Highlights: FIFA world cup qualifiers CONMEBOL