ക്വിറ്റോ: ആരാധകരുടെ ആശങ്കകള്‍ക്കും എതിരാളികളുടെ ആശകള്‍ക്കുമെതിരെ സ്വപ്നം പോലെ മിശിഹ മെസ്സിയുടെ ഗോള്‍വര്‍ഷം. അടത്ത വര്‍ഷം റഷ്യയിലെ ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ മെസ്സിയും അര്‍ജന്റീനയുമുണ്ടാവും. സമുദ്രനിരപ്പില്‍ നിന്ന 9,127 അടി ഉയരത്തിലുള്ള എസ്റ്റാഡിയോ ഒളിംപികോ അതാഹ്വാല്‍പ സ്റ്റേഡിയത്തിന്റെ ഉയരത്തോളം ചെന്നെത്തിയ കോടിക്കണക്കിന് വരുന്ന ആരാധകരുടെ പ്രാര്‍ഥനകളുടെ ഫലമാവാം. മെസ്സിയുടെ സ്വപ്നതുല്ല്യമായ ഹാട്രിക്കിന്റെ പൊലിമയോടെ ആധികാരികമായി തന്നെയാണ് റഷ്യയിലേയ്ക്ക് യാത്രയാവുന്നത്. കോണ്‍മബോള്‍ മേഖലയിലെ അവസാനത്തെ ജീവന്‍മരണ പോരാട്ടത്തില്‍ ഇക്വഡോറിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു പുറത്താകുമെന്ന് ഭയന്നിരുന്ന മുന്‍ ചാമ്പ്യന്മാരുടെ ജയം. ഇക്വഡോറിന്റെ ഹോംഗ്രൗണ്ടായ എസ്റ്റാഡിയോ ഒളിംപികോ അതാഹ്വാല്‍പ സ്റ്റേഡിയത്തില്‍ ആതിഥേയര്‍ക്കെതിരെ അര്‍ജന്റീന നേടിയ ചരിത്രത്തിലെ ആദ്യ ജയമാണിത്.

ഈ സ്വപ്നസദൃശമായ ജയത്തോടെ ലാറ്റിനമേരിക്കന്‍ മേഖലയില്‍ ബ്രസീലിനും യുറുഗ്വായ്ക്കും പിറകില്‍ മൂന്നാം സ്ഥാനക്കാരായാണ് അര്‍ജന്റീന റഷ്യയിലേയ്ക്ക് യാത്രയാവുന്നത്. പതിനെട്ട് കളികളില്‍ നിന്ന് 28 പോയിന്റുണ്ട് തൊണ്ണൂറ്റിമൂന്ന് മിനിറ്റ് മുന്‍പ് വരെ ആറാം സ്ഥാനത്തായിരുന്നവര്‍ക്ക്. 41 പോയിന്റുള്ള ബ്രസീല്‍ നേരത്തെ യോഗ്യത ഉറപ്പിച്ചിരുന്നു. 31 പോയിന്റുള്ള യുറുഗ്വായും നേരിട്ട് യോഗ്യത നേടിക്കഴിഞ്ഞു. അവസാന മത്സരത്തില്‍ പെറുവുമായി സമനില വഴങ്ങിയ കൊളംബിയയും നേരിട്ട് യോഗ്യത നേടി. പെറുവിന് ഇനി നവംബറില്‍ ന്യൂസീലന്‍ഡുമായി  പ്ലേ ഓഫ് കളിക്കണം. അവസാന മത്സരത്തില്‍  ബ്രസീലിനോട് ദയനീയമായി തോറ്റ ചിലിയും വെനസ്വേലയോട് തോറ്റ പാരഗ്വായും പുറത്തായി.

ഒരു തോല്‍വി, അല്ലെങ്കില്‍ ചിലപ്പോള്‍ ഒരു സമനില പോലും ആത്മഹത്യാപരമാകുമായിരുന്ന നിര്‍ണായക മത്സരത്തിന്റെ 11, 18, 62 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഹാട്രിക് ഗോളുകള്‍. പിറന്ന മണ്ണിനേക്കാള്‍ പോറ്റിവളര്‍ത്തിയ ക്ലബിനോട് കൂറു പുലര്‍ത്തുന്നവന്‍ എന്ന ആക്ഷേപങ്ങള്‍ക്കുള്ള എണ്ണിയെണ്ണിയുള്ള മറുപടിയായിരുന്നു മിന്നുന്ന ഈ മൂന്ന് ഗോളുകളും. ഇതോടെ ലോകകപ്പ് യോഗ്യതാ ഫുട്ബോളിന്റെ ലാറ്റിനമേരിക്കന്‍ റൗണ്ടില്‍ ആദ്യമായി ഇരുപത് ഗോളുകള്‍ നേടുന്ന താരം എന്ന ബഹുമതി അഞ്ചു തവണ ബാലണ്‍ ദ്യോര്‍ കരസ്ഥമാക്കിയ മെസ്സിക്ക് സ്വന്തമായി.

ലോകമെമ്പാടുമുള്ള അര്‍ജന്റീനാ ആരാധകരുടെ നെഞ്ചു പിളര്‍ത്തിക്കൊണ്ടാണ് ഇബാര റൊമാരിയോ കളിയുടെ 38 സെക്കന്‍ഡിനുള്ളില്‍ തന്നെ വല കുലുക്കിയത്. നിലയുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന അര്‍ജന്റൈന്‍ പ്രതിരോധനിരയെ വണ്‍ ടു വണ്‍ ഹെഡ്ഡറുകള്‍ കൊണ്ട് ഛിന്നഭിന്നമാക്കിക്കൊണ്ടായിരുന്നു റൊമാരിയോയുടെ ക്ലാസിക് ഗോള്‍. അര്‍ജന്റീന കല്‍ും ആരാധകരുടെ പ്രതീക്ഷകളെയുമെല്ലാം കൈവിട്ടുവെന്ന് കരുതിയെങ്കിലും പത്ത് മിനിറ്റിനുള്ളില്‍ തന്നെ ലയണല്‍ മെസ്സി തന്റെ അവതാരോദ്ദേശ്യം പുറത്തെടുത്തു.

 മേഖലയിലെ മറ്റ് മത്സരങ്ങളില്‍, നേരത്തെ യോഗ്യത ഉറപ്പിച്ചു കഴിഞ്ഞ ബ്രസീല്‍ മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് ചിലിയെ തോല്‍പിച്ചത്. ജീസസിന്റെ ഇരട്ട ഗോളാണ് ബ്രസീലിന് ജയം അനായാസമാക്കിയത്. പകുതിയ സമയത്ത് ഇരു ടീമുകളും ഗോള്‍രഹിതരായിരുന്നു. 55-ാം മിനിറ്റില്‍  പൗലിന്യോയാണ് ബ്രസീലിനെ ആദ്യം മുന്നിലെത്തിച്ചത്. 57-ാം മിനിറ്റില്‍ ജീസസ് ലീഡുയര്‍ത്തി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ജീസ് രണ്ടാം ഗോള്‍ നേടി വിജയമുറപ്പിച്ചു.

 രണ്ട് സെല്‍ഫ് ഗോള്‍ വഴങ്ങിയിട്ടും രണ്ടിനെതരെ നാലു ഗോളിന് ബൊളീവിയയെ തകര്‍ത്താണ് യുറുഗ്വായ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. 24-ാം മിനിറ്റില്‍ ഗാസ്റ്റണ്‍ സില്‍വയുടെ ആദ്യ സെല്‍ഫ് ഗോള്‍. 39-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ കാസെറെസ് യുറുഗ്വായെ ഒപ്പമെത്തിച്ചു. 42-ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനി യുറുഗ്വായെ മുന്നിലെത്തിച്ചു. പിന്നീട് ഇരട്ട ഗോളോടെ സൂപ്പര്‍താരം ലൂയിസ് സുവാരസ് ടീമിന്റെ വിജയമുറപ്പിക്കുകയും ചെയ്തു. 60, 76 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോളുകള്‍. 79-ാം മിനിറ്റില്‍ ഡീഗോ ഗോഡിന്റെ കാലില്‍ നിന്ന് ഒരു സെല്‍ഫ് ഗോള്‍ കൂടി വീണെങ്കിലും കൂടുതല്‍ പരിക്കുകളില്ലാതെ യുറുഗ്വായ് ജയിച്ചു.

 അര്‍ജന്റീന ഇക്വഡോറിനെ തോല്‍പിച്ചതോടെ യോഗ്യതാ റൗണ്ടിന്റെ കടമ്പ കടക്കാന്‍ ജയം അനിവാര്യമായിരുന്ന പെറുവിന് സ്വന്തം മണ്ണില്‍ അടിതെറ്റി. കൊളംബിയയതോട് സമനില (1-1) വഴങ്ങേണ്ടിവന്നതോടെയാണ് അവര്‍ക്ക് ന്യൂസീലന്‍ഡിനോട് പ്ലേ ഓഫ് കളിക്കേണ്ടിവന്നത്. 56-ാം മിനിറ്റില്‍ റോഡ്രിഗസിന്റെ ഗോളില്‍ കൊളംബിയയാണ് ആദ്യം ലീഡ് നേടിയത്. 74-ാം മിനിറ്റില്‍ ഗ്വെരേരോ സമനില ഗോള്‍ നേടി പ്ലേ ഓഫ് ടിക്കറ്റ് സ്വന്തമാക്കുകയായിരുന്നു.

വാലറ്റക്കാരായ വെനസ്വേലയോട് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങിയാണ് പാരഗ്വായ്  യോഗ്യതാ റൗണ്ടില്‍ പുറത്തായത്. 84-ാം മിനിറ്റില്‍ യാംഗെല്‍ ഹെരേരയാണ് വെനസ്വേലയുടെ വിജയഗോള്‍ നേടിയത്. ചിലിക്കും പിറകില്‍ ഏഴാം സ്ഥാനത്താണ് പാരഗ്വായ് ഫിനിഷ് ചെയ്തത്.