പാരീസ്: വനിതാ ലോകകപ്പ് ഫുട്ബോളിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ ജര്‍മനിക്ക് ജയം. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ സ്‌പെയിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ജര്‍മനി തോല്‍പ്പിച്ചത്. 

കളിയുടെ 42-ാം മിനിറ്റില്‍ സാറ ഡാബ്രിറ്റ്സാണ് ജര്‍മനിയുടെ വിജയ ഗോള്‍ നേടിയത്. ഇതോടെ രണ്ട് വിജയങ്ങളുമായി ജര്‍മനി ഗ്രൂപ്പില്‍ മുന്നിലെത്തി.

ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഫ്രാന്‍സ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് നോര്‍വേയെ തോല്‍പ്പിച്ചു. 46-ാം മിനിറ്റില്‍ വലേറി ഗൗവിന്‍, 72-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ യൂജെനി ലെ സോമര്‍ എന്നിവരാണ് ആതിഥേയരുടെ ഗോളുകള്‍ നേടിയത്. 54-ാം മിനിറ്റില്‍ ഫ്രഞ്ച് താരം വെന്‍ഡി റെനാര്‍ഡ് സെല്‍ഫ് ഗോള്‍ വഴങ്ങി.

അതേസമയം ആവേശകരമായ മത്സരത്തില്‍ ഓസ്‌ട്രേലിയ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ബ്രസീലിനെ തോല്‍പ്പിച്ചു. കൈറ്റ്‌ലിന്‍ ഫൂര്‍ഡ്, ലൊഗാര്‍സോ എന്നിവര്‍ ഓസീസിനായി സ്‌കോര്‍ ചെയ്തപ്പോള്‍ ബ്രസീല്‍ താരം മോണിക്ക ആല്‍വസ് സെല്‍ഫ് ഗോള്‍ വഴങ്ങി. മാര്‍ത്തയും ക്രിസ്റ്റിയന്‍ റോസെയ്‌റയുമാണ് ബ്രസീലിനായി സ്‌കോര്‍ ചെയ്തത്. 

മറ്റൊരു മത്സരത്തില്‍ നൈജീരിയ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചു. 29-ാം മിനിറ്റില്‍ കൊറിയന്‍ താരം കിം ഡോ യോണ്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയപ്പോള്‍ 75-ാം മിനിറ്റില്‍ അസിസാറ്റ് ഒഷോളയിലൂടെ നൈജീരിയ ലീഡുയര്‍ത്തി.

Content Highlights: FIFA Women's World Cup France, Germany wins