ന്യൂഡല്‍ഹി: എ.എഫ്.സി കപ്പ് ഫൈനലില്‍ ഇടം പിടിച്ച് ഇന്ത്യന്‍ ക്ലബ്ബ് ബെംഗളൂരു എഫ്.സി ചരിത്രം രചിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോളിന് മറ്റൊരു സന്തോഷവാര്‍ത്ത കൂടി. ഫിഫയുടെ പുതിയ ഫുട്‌ബോള്‍ റാങ്കിങ്ങില്‍ 11 സ്ഥാനങ്ങള്‍ കയറി ഇന്ത്യന്‍ ടീം 137ാം സ്ഥാനത്തെത്തിയത്. 2010ന് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്.
സെപ്തംബറില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പ്യൂര്‍ട്ടോറിക്കോയെ തോല്‍പ്പിച്ച ഇന്ത്യക്ക് പുതിയ റാങ്കിങ്ങില്‍ 230 പോയിന്റാണുള്ളത്. ഹോങ്കോങ്, താജിക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, തായ്‌ലന്‍ഡ് രാജ്യങ്ങള്‍ക്ക് മുകളിലാണ് ഇന്ത്യയുടെ റാങ്കിങ്.
1646 പോയിന്റുമായി അര്‍ജന്റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഓരോ സ്ഥാനങ്ങള്‍ മുന്നില്‍ കയറി ജര്‍മനി രണ്ടാമതും ബ്രസീല്‍ മൂന്നാമതുമെത്തി. രണ്ട് സ്ഥാനം താഴേക്ക് പോയ ബെല്‍ജിയം നാലാമതാണ്. പുതിയ റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് മോണ്ടിനെഗ്രോയാണ്. 49 സ്ഥാനങ്ങള്‍ മുന്നില്‍ക്കയറി മോണ്ടിനെഗ്രോ അമ്പത്തിയാറാം സ്ഥാനത്തെത്തി. 49 സ്ഥാനങ്ങള്‍ താഴേക്ക് പോയി 139തിലെത്തിയ സൈപ്രസാണ് ഏറ്റവും മോശം പ്രകടനം പുറത്തെടുത്തത്.
OFFICIAL! We have jumped 11 places to be ranked 137 in the latest @FIFAcom rankings. The best-ever ranking since August 2010. #BackTheBlue
— Indian Football Team (@IndianFootball) October 20, 2016