സൂറിച്ച്: കോവിഡ് വ്യാപനത്തെ തുടർന്ന് ആറു മാസത്തോളം നിശ്ചലമായ കളിക്കളങ്ങൾ വീണ്ടും സജീവമായിരിക്കുകയാണ്. അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ വീണ്ടും ആരംഭിച്ചതോടെ പുതിയ ഫിഫ റാങ്കിങ്ങും പുറത്തിറങ്ങി. ബെൽജിയം ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ പിന്നീടുള്ള സ്ഥാനങ്ങളിലെ ടീമുകളും മാറ്റമില്ലാതെ തുടരുകയാണ്. ഫ്രാൻസ് രണ്ടാം സ്ഥാനത്തും ബ്രസീൽ മൂന്നാമതും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്.

ബെൽജിയത്തിന് 1773 പോയിന്റും ഫ്രാൻസിന് 1744 പോയിന്റുമാണുള്ളത്. ബ്രസീലിന്റെ അക്കൗണ്ടിൽ 1712 പോയിന്റും ഇംഗ്ലണ്ടിന് 1664 പോയിന്റുമുണ്ട്.

രണ്ട് സ്ഥാനങ്ങൾ മുന്നിൽ കയറി പോർച്ചുഗൽ അഞ്ചാമതെത്തി. യൂറോ കപ്പ് ചാമ്പ്യൻമാരായ പോർച്ചുഗലിനെ നേഷൻസ് ലീഗിലെ പ്രകടനമാണ് തുണച്ചത്. 1653 പോയിന്റാണ് പോർച്ചുഗലിനുള്ളത്.

അതേസമയം പുതിയ റാങ്കിങ്ങിൽ ഇന്ത്യക്ക് നിരാശയാണ് ഫലം. ഒരു സ്ഥാനം നഷ്ടമായ ഇന്ത്യ റാങ്കിങ്ങിൽ 109-ാം സ്ഥാനത്താണുള്ളത്. മത്സരങ്ങൾ ഒന്നും കളിക്കാത്തതാണ് ടീമിന്റെ റാങ്കിങ്ങിനെ ബാധിച്ചത്. 1187 പോയിന്റാണ് ഇന്ത്യക്കുള്ളത്.

Content Highlights: FIFA Ranking Football India Portugal