സൂറിച്ച് :  2022 ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ കാണാന്‍ വനികളെ അനുവദിക്കണമെന്ന്  ഇറാനോട് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. വിഷയത്തില്‍ ഇറാന്‍ തുടരുന്ന സമീപനത്തിലുള്ള തന്റെ നിരാശയും ജിയാനി ഇന്‍ഫാന്റിനോ മറച്ചുവെച്ചില്ല. 

2018ല്‍ ഇറാനില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയ ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തതിന് കടുത്ത വിമര്‍ശനമാണ് ഫുട്‌ബോള്‍ ലോകത്ത് നിന്ന് ഇന്‍ഫാന്റിനോക്ക് നേരിടേണ്ടി വന്നത്. എന്നാല്‍ നവംബറില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരം കാണാന്‍ വനിതകളെ അനുവദിച്ചിരുന്നു. നൂറ്കണക്കിന് വനിതകള്‍ അന്ന് മത്സരം കണ്ടു. 

എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറി മറിഞ്ഞു. ജൂണ്‍ ആറിന് നടന്ന ഇറാന്‍ - സിറിയ മത്സരത്തില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നില്ല. മത്സരം കാണാന്‍ എത്തിയ സ്ത്രീകളെ ഗെയിറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. 

നല്ല മാറ്റങ്ങള്‍ തുടരാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടെന്ന് ഇറാനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റിന് എഴുതിയ കത്തില്‍ ജിയാനി ഇന്‍ഫാന്റിനോ വ്യക്തമാക്കി. സെപ്റ്റംബറില്‍ ആരംഭിക്കുന്ന ലോകകകപ്പ് യോഗ്യത മത്സരങ്ങള്‍ കാണാന്‍ താല്പര്യമുള്ള എല്ലാ വനിതകളെയും പ്രവേശിപ്പിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

Content HIghlights: FIFA President Gianni Infantino tells Iran to let women watch World Cup qualifiers