സൂറിച്ച്: ഈ വര്‍ഷത്തെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനം. ഈ വര്‍ഷം സെപ്റ്റംബറില്‍ മിലാനിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം നടക്കേണ്ടിയിരുന്നത്. ലോകം കോവിഡ് ഭീതിയില്‍ നില്‍ക്കെ പുരസ്‌കാരം നല്‍കേണ്ടതില്ലെന്ന് ഫിഫ തീരുമാനമെടുക്കുകയായിരുന്നു.

വിവിധ രാജ്യങ്ങളിലെ ഫുട്‌ബോള്‍ ലീഗുകളും നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ഫിഫ വ്യക്തമാക്കി.

കോവിഡ് കാലത്ത് സാമാന്യബുദ്ധിയും പരമാവധി മുന്‍കരുതലുകളും ഉപയോഗിച്ച് മാത്രമേ ഫിഫ കാര്യങ്ങള്‍ ചെയ്യൂ എന്ന് പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ രോഗവ്യാപനത്തിന്റെ തുടക്കംമുതല്‍ തന്നെ വ്യക്തമാക്കിയിരുന്നു.

അണ്ടര്‍-20, അണ്ടര്‍-17 വനിതാ ലോകകപ്പുകളും, ഫുട്‌സാല്‍ ലോകകപ്പും 2021 ഫെബ്രുവരി വരെ നടത്തില്ലെന്നും ഫിഫ അറിയിച്ചിരുന്നു. ഫിഫ മാറ്റിവെയ്ക്കാത്ത ഒരേയൊരു ടൂര്‍ണമെന്റ് ഡിസംബറില്‍ അബുദാബിയില്‍ നടക്കാനിരിക്കുന്ന ക്ലബ്ബ് ലോകകപ്പാണ്.

അതേസമയം, 1956 മുതല്‍ എല്ലാ വര്‍ഷവും നടക്കുന്ന ബാലണ്‍ദ്യോറിന്റെ കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല.

Content Highlights: FIFA decided to cancel The Best awards this year