സൂറിച്ച്: ഇന്ത്യ ആതിഥ്യം വഹിക്കാനിരുന്ന 2020-ലെ അണ്ടര്‍-17 വനിതാ ഫുട്ബോള്‍ ലോകകപ്പ് ഫിഫ റദ്ദാക്കി. പകരം 2022-ലെ ഇതേ ലോകകപ്പിന്റെ ആതിഥ്യം അനുവദിച്ചു. കോവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തിലാണ് ബ്യൂറോ ഓഫ് ഫിഫ കൗണ്‍സില്‍ തീരുമാനമെടുത്തത്.

നേരത്തേ 2021-ലേക്ക് ലോകകപ്പ് നീട്ടിവെച്ചിരുന്നെങ്കിലും നടത്തിപ്പ് ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം. കോസ്റ്റാറിക്കയ്ക്ക് അനുവദിച്ചിരുന്ന 2020-ലെ അണ്ടര്‍-20 വനിതാ ലോകകപ്പും ഇതുപോലെ റദ്ദാക്കുകയും 2022-ലെ ലോകകപ്പ് അനുവദിക്കുകയും ചെയ്തു. 2020-ലെ ക്ലബ്ബ് ലോകകപ്പ് അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ഖത്തറില്‍ നടത്താനും തീരുമാനമായി.

2021 ഫെബ്രുവരിയിലേക്കായിരുന്നു അണ്ടര്‍-17 വനിതാ ഫുട്ബോള്‍ ലോകകപ്പ് മാറ്റിവെച്ചിരുന്നത്. ഈ വര്‍ഷം നവംബറില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് ടൂര്‍ണമെന്റായിരുന്നു ഇത്.

ടൂര്‍ണമെന്റ് മാറ്റിവെച്ചത് ഈ വര്‍ഷത്തെ ലോകകപ്പ് മുന്നില്‍ കണ്ട് ടീമിനെ ഒരുക്കിയ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. 2022-ല്‍ നിലവിലെ ടീമിലെ താരങ്ങളുടെ പ്രായപരിധി അവസാനിക്കും. ഇതോടെ ഇന്ത്യയ്ക്ക് ഇനി 2022 മുന്നില്‍കണ്ട് ടീമിനെ ഒരുക്കണം.

Content Highlights: FIFA cancelled U-17 Women s World Cup India to host in 2022