സൂറിച്ച്: ഇത്തവണ ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരം ആരായിരിക്കും? അവസാന പത്ത് പേരില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കുമൊപ്പം യുവതാരം ഫ്രാന്‍സിന്റെ ലോകകപ്പ് ഹീറോ എംബാപ്പെയും ഇടം നേടി. അതേസമയം ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലേക്ക് പോയ നെയ്മര്‍ ആദ്യ പത്തില്‍ പോലുമില്ല.

കഴിഞ്ഞ രണ്ട് സീസണിലും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയായിരുന്നു ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരം. തുടര്‍ച്ചയായ മൂന്നു തവണ റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തതും ലോകകപ്പില്‍ പോര്‍ച്ചുഗലിനെ പ്രീ ക്വാര്‍ട്ടര്‍ വരെയെത്തിച്ചതും ക്രിസ്റ്റ്യാനോയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ സീസണില്‍ 34 ഗോളുകള്‍ നേടിയ ലയണല്‍ മെസ്സിയുടെ കരുത്തില്‍ ബാഴ്‌സ കഴിഞ്ഞ നാല് സീസണിടെ മൂന്നാം ലാ ലിഗ കിരീടം നേടിയിരുന്നു. പക്ഷേ ലോകകപ്പില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാത്ത മെസ്സിക്ക് സാധ്യത കുറവാണ്.

അതേസമയം ക്രിസ്റ്റ്യാനോയ്ക്ക് വെല്ലുവിളിയുയര്‍ത്തുക യുവതാരം എംബാപ്പെയും ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചുമായിരിക്കും. പി.എസ്.ജിയില്‍ മിന്നുന്ന ഫോമില്‍ കളിച്ച എംബാപ്പെ ഫ്രാന്‍സിന്റെ കിരീടവിജയത്തിലും നിര്‍ണായകമായി. ലോകകപ്പ് ഫൈനലില്‍ പെലെയ്ക്ക് ശേഷം ഗോള്‍ നേടുന്ന കൗമാര താരമെന്ന റെക്കോഡും എംബാപ്പെ സ്വന്തമാക്കിയിരുന്നു. എംബാപ്പയെ കൂടാതെ ഫ്രാന്‍സില്‍ നിന്ന് അന്റോയ്ന്‍ ഗ്രീസ്മാനും റാഫേല്‍ വരാനേയും ചുരുക്കപ്പട്ടികയിലുണ്ട്.

ലോകകപ്പില്‍ സുവര്‍ണ പന്ത് നേടിയ ലൂക്കാ മോഡ്രിച്ച് ക്രൊയേഷ്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണാക സാന്നിധ്യമായിരുന്നു. ഒപ്പം റയല്‍ മാഡ്രിഡിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടി. ബെല്‍ജിയത്തിന്റെ കെവിന്‍ ഡി ബ്രുയിന്‍, എഡന്‍ ഹസാര്‍ഡ്, ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍, ഈജിപ്തിന്റെ മുഹമ്മദ് സലാ എന്നിവരും അവസാന പത്ത് പേരില്‍ ഇടം നേടി. 

മികച്ച പരിശീലകനുള്ള പുരസ്‌കാരത്തില്‍ ഫ്രാന്‍സിനെ ലോകചാമ്പ്യന്‍മാരാക്കിയ കോച്ച് ദിദിയര്‍ ദെഷാംപ്‌സും റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍ ലീഗ് കിരീടം നേടിക്കൊടുത്ത സിനദിന്‍ സിദാനുമുണ്ട്. ഇവര്‍ രണ്ടു പേരും തമ്മിലാകും ശക്തമായ പോരാട്ടം. ഇംഗ്ലണ്ട് പരിശീലകന്‍ സൗത്ത്‌ഗേറ്റും പട്ടികയിലുണ്ട്. 28 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടിനെ ലോകകപ്പിന്റെ സെമിഫൈനല്‍ വരെയെത്തിച്ച പരിശീലകനാണ് സൗത്ത്‌ഗേറ്റ്. 

അതേസമയം ബാഴ്‌സലോണയില്‍ നിന്ന് പി.എസ്.ജിയിലേക്ക് പോയ നെയ്മര്‍ക്ക് ആദ്യ പത്തില്‍ ഇടം പിടിക്കാനായില്ല. പി.എസ്.ജിയിലെത്തിയ ശേഷം പരിക്കിന്റെ പിടിയിലായ നെയ്മര്‍ മിക്ക മത്സരങ്ങളും കളിച്ചിരുന്നില്ല. ഇതാണ് ബ്രസീല്‍ താരത്തിന് തിരിച്ചടിയായത്.

Content Highlights: FIFA Best Player Award 2018 Cristiano Ronaldo Kylian Mbappe Lionel Messi Neymar