Photo: AFP
പാരീസ്: ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ കഴിഞ്ഞ സീസണിലെ മികച്ച താരം ആരെന്ന ചോദ്യത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ഉത്തരമാകും. പാരീസില്‍ തിങ്കളാഴ്ച രാത്രി 1.30-ന് നടക്കുന്ന ചടങ്ങില്‍ 'ഫിഫ ദ ബെസ്റ്റ്' പുരസ്‌കാരജേതാവിനെ പ്രഖ്യാപിക്കും. അര്‍ജന്റീന താരം ലയണല്‍ മെസ്സി, ഫ്രഞ്ച് താരങ്ങളായ കരീം ബെന്‍സേമ, കിലിയന്‍ എംബാപ്പെ എന്നിവരാണ് ഫൈനല്‍ റൗണ്ടിലുള്ളത്.
വനിതകളില്‍ ഇംഗ്ലീഷ് താരം ബെത് മിയാദ്, അമേരിക്കയുടെ അലക്‌സ് മോര്‍ഗന്‍, സ്‌പെയിനിന്റെ അലക്‌സിയ പുട്ടെയാസ് എന്നിവരാണ് മികച്ച താരമാകാന്‍ രംഗത്തുള്ളത്.
അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നായകന്‍ ലയണല്‍ മെസ്സി മികച്ച താരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏഴുവട്ടം ബാലണ്‍ ദ്യോര്‍ നേടിയിട്ടുള്ള മെസ്സി 2019-ല്‍ 'ഫിഫ ദ ബെസ്റ്റ്' പുരസ്‌കാരം നേടിയിട്ടുണ്ട്. 2016 മുതലാണ് 'ഫിഫ ദ ബെസ്റ്റ്' പുരസ്‌കാരം ആരംഭിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷവും പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയാണ് മികച്ച താരമായത്.
സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിനും ഫ്രഞ്ച് ടീമിനുംവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ബെന്‍സേമയെ അവസാനറൗണ്ടില്‍ എത്തിച്ചത്. കഴിഞ്ഞ സീസണിലെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നേടിയിരുന്നു. ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടിയതടക്കമുള്ള പ്രകടനം പി.എസ്.ജി. താരം കിലിയന്‍ എംബാപ്പെയ്ക്കുണ്ട്.
മികച്ച പരിശീലകരാവാന്‍ അര്‍ജന്റീനയുടെ ലയണല്‍ സ്‌കലോണി, റയല്‍ മഡ്രിഡിന്റെ കാര്‍ലോ ആന്‍സലോട്ടി, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ പെപ്പ് ഗാര്‍ഡിയോള എന്നിവരുണ്ട്. മികച്ച ഗോള്‍കീപ്പര്‍മാരുടെ സാധ്യതാ പട്ടികയില്‍ മൊറോക്കോയുടെ യാസിന്‍ ബോനോ, അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസ്, ബെല്‍ജിയത്തിന്റെ തിബോ കുര്‍ട്ടോ, എന്നിവരാണുള്ളത്.
Content Highlights: FIFA Awards 2023 Messi Mbappe Benzema favourites
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..