ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോളിലെ തര്‍ക്കവിഷയത്തില്‍ ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ ഇടപെടല്‍. കേരള ക്ലബ്ബായ ഗോകുലം എഫ്.സി. അടക്കം ആറ് ക്ലബ്ബുകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫിഫ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് കത്തയച്ചു.

2018-ല്‍ ഫിഫയും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും സംയുക്തമായി എ.ഐ.എഫ്.എഫിന് നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയാനാണ് ഫിഫ ചീഫ് മെമ്പര്‍ അസോസിയേഷന്‍ ഓഫീസര്‍ ജോയ്സെ കുക്ക് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസിന് കത്തയച്ചത്. 

ഇന്ത്യന്‍ ഫുട്ബോളില്‍ നടപ്പാക്കേണ്ട പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് റിപ്പോര്‍ട്ടിലുള്ളത്. വിഷയം കഴിയുന്നതും വേഗം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കുറഞ്ഞത് രണ്ടോ മൂന്നോ സീസണ്‍ കൂടി വേണ്ടിവരുമെന്നും എ.ഐ.എഫ്.എഫ്. പ്രസ്താവനയില്‍ വ്യക്തമാക്കി.

റാങ്കിങ്ങില്‍ ഇന്ത്യ താഴോട്ട്

സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ രണ്ടുസ്ഥാനം താഴോട്ടിറങ്ങി. പുതിയ പട്ടികയില്‍ 103-ാം സ്ഥാനത്താണ് ടീം. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലെ മോശം ഫലമാണ് തിരിച്ചടിയായത്. മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ തോറ്റ ഇന്ത്യ അവസാനകളിയില്‍ സിറിയയോട് സമനിലപിടിച്ചു.

റാങ്കിങ്ങില്‍ ബെല്‍ജിയം ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ ബ്രസീല്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സാണ് മൂന്നാമത്. അര്‍ജന്റീന ഒരു സ്ഥാനം മെച്ചപ്പെടുത്തി പത്താംറാങ്കിലെത്തി.

Content Highlights: FIFA asks AIFF for update on Indian football