മാഡ്രിഡ്: യുവേഫ നാഷന്‍സ് ലീഗില്‍ ജര്‍മനിയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തകര്‍ത്ത് സ്‌പെയിൻ സെമിയില്‍. 

കരിയറിലെ ആദ്യ ഹാട്രിക്ക് നേടിയ ഫെറാന്‍ ടോറസിന്റെ മികവിലാണ് സ്‌പെയിൻ വമ്പന്‍ ജയം സ്വന്തമാക്കിയത്. 89 വര്‍ഷങ്ങള്‍ക്കിടെ ജര്‍മനി നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്. 1931-ല്‍ ഓസ്ട്രിയയോടാണ് ഇതിനു മുമ്പ് ജര്‍മനി ആറു ഗോളിന് തോറ്റത്. 

സെമിയില്‍ കടക്കാന്‍ വെറുമൊരു സമനില മാത്രം മതിയായിരുന്ന ജര്‍മനി പക്ഷേ സ്പാനിഷ് കരുത്തിനു മുന്നില്‍ വിറച്ചുപോകുകയായിരുന്നു.

ജര്‍മ്മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയര്‍ തന്റെ കരിയറില്‍ ആദ്യമായാണ് ഒരു മത്സരത്തില്‍ ആറു ഗോളുകള്‍ വഴങ്ങുന്നത്.

33, 55, 71 മിനിറ്റുകളിലായിരുന്നു ടോറസിന്റെ ഗോളുകള്‍. 17-ാം മിനിറ്റില്‍ ആല്‍വാരോ മൊറാട്ടയും 38-ാം മിനിറ്റില്‍ റോഡ്രിയും 89-ാം മിനിറ്റില്‍ മൈക്കല്‍ ഒയാര്‍സബലും സ്പാനിഷ് ടീമിനായി സ്‌കോര്‍ ചെയ്തു.

മറ്റു മത്സരങ്ങളില്‍ ഫ്രാന്‍സ് രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് സ്വീഡനെ തോല്‍പ്പിച്ചു. മോണ്ടിനെഗ്രോ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് സൈപ്രസിനെ തകര്‍ത്തു.

Content Highlights: Ferran Torres hat trick leads Spain to 6-0 win over Germany in UEFA Nations League