ആസ്റ്റണ്‍: ഒലെ സോള്‍ഷ്യെയറിന് കീഴില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിക്കുന്നു. ഒടുവില്‍ നടന്ന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ചുവന്ന ചെകുത്താന്മാര്‍ തകര്‍ത്തത്. എല്ലാ ലീഗുകളിലുമായി പരാജയമറിയാതെ തുടര്‍ച്ചയായി പതിനേഴ് മത്സരങ്ങള്‍ ഇതോടെ യുണൈറ്റഡ് പൂര്‍ത്തിയാക്കി. 

ആസ്റ്റണ്‍ വില്ലയുടെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ യുണൈറ്റഡിനായി 27ാം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസ്സാണ് ആദ്യം ഗോള്‍വല ചലിപ്പിച്ചത്. ബോക്‌സിനുള്ളില്‍ തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി ഹെര്‍ണാണ്ടസ് അനായാസേന വലയിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് സെക്കന്റുകള്‍ ബാക്കിനില്‍ക്കെ യുണൈറ്റഡിന്റെ  യുവതാരം മേസണ്‍ ഗ്രീന്‍വുഡ് ലോങ് റേഞ്ചറിലൂടെ ലീഡ് രണ്ടാക്കി. 

രണ്ടാം പകുതിയില്‍ സൂപ്പര്‍താരം പോള്‍ പോഗ്ബ യുണൈറ്റഡിനായി മൂന്നാം ഗോള്‍ നേടി. 2019 ഏപ്രിലിന് ശേഷം പോഗ്ബ ആദ്യമായി യുണൈറ്റഡിന് വേണ്ടി സ്‌കോര്‍ ചെയ്തു എന്ന പ്രത്യേകതയും ഈ ഗോളിനുണ്ട്. പരിക്കിന്റെ പിടിയിലായിരുന്ന പോഗ്ബ തിരിച്ചെത്തിയത് ടീമിന് ആശ്വാസം പകരുന്നു. പുതുതായി ടീമിലെത്തിയ പോര്‍ച്ചുഗീസ് താരം ഹെര്‍ണാണ്ടസും പോഗ്ബയും ഒത്തിണക്കത്തോടെ കളിക്കുന്നത് ടീം ഗെയിമിന് ഒരുപാട് സഹായിക്കുന്നുണ്ട്. 

വിജയത്തോടെ പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ യുണൈറ്റഡ് ലെസ്റ്റര്‍ സിറ്റിയ്ക്ക് തൊട്ടുപിന്നിലെത്തി. 34 കളികളില്‍ നിന്നും ലെസ്റ്ററിന് 59 പോയന്റും യുണൈറ്റഡിന് 58 പോയന്റുമാണ് ഉള്ളത്. ഇനിയുള്ള മത്സരങ്ങള്‍ യുണൈറ്റഡിന് താരതമ്യേന എളുപ്പമാണ്. സതാംപ്ടണ്‍, ക്രിസ്റ്റല്‍ പാലസ്, വെസ്റ്റ്ഹാം എന്നീ ടീമുകളെ യുണൈറ്റഡ് നേരിടുമ്പോള്‍ ലെസ്റ്ററിന് ബോണ്‍മത്തിനെയും ഷെഫീല്‍ഡ് യുണൈറ്റഡിനെയും കരുത്തരായ ടോട്ടനത്തെയും നേരിടണം. 

ഈ മത്സരങ്ങളിലെല്ലാം ഇരുടീമുകളും ജയിച്ചാല്‍ അവസാന മത്സരത്തില്‍ തീപാറും. യുണൈറ്റഡും ലെസ്റ്ററും നേര്‍ക്കുനേര്‍ വരുന്ന മത്സരമാണ് അവസാനത്തേത്. പ്രീമിയര്‍ ലീഗിലെ ആദ്യ നാലു സ്ഥാനക്കാര്‍ക്കാണ് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനുള്ള അവസരം ലഭിക്കുക. അതുകൊണ്ട ഇനിയുള്ള മത്സരങ്ങള്‍ ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. 

Content Highlights: Fernandes Greenwood & Pogba on target as Manchester United win against Aston Villa