ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്‌ബോള്‍ സെമിയില്‍ ആതിഥേയരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് തകപ്പന്‍ ജയം. ആദ്യപാദ സെമിയില്‍ ഇറ്റാലിയന്‍ ക്ലബ് എ.എസ് റോമയെ രണ്ടിനെതിരേ ആറ് ഗോളുകള്‍ക്കാണ് യുണൈറ്റഡ് മുക്കിയത്. ആദ്യ പകുതിയില്‍ ഒന്നിനെതിരേ രണ്ട് ഗോളിന്റെ ലീഡ് നേടിയശേഷമായിരുന്നു റോമയുടെ ദയനീയ തകര്‍ച്ച. 

യുണൈറ്റഡിനുവേണ്ടി പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസും യുറാഗ്വായ് സ്‌ട്രൈക്കര്‍ എഡിന്‍സണ്‍ കവാനിയും രണ്ട് ഗോള്‍ വീതം നേടി. ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ, ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ മേസണ്‍ ഗ്രീന്‍വുഡ് എന്നിവരുടെ വകയായിരുന്നു മറ്റ് ഗോളുകള്‍. ലോറെന്‍സോ പെല്ലിഗ്രനിനി, സെക്കോ എന്നിവരാണ് റോമയ്ക്കുവേണ്ടി ഗോള്‍ നേടിയത്.

യുണൈറ്റഡിന്റെ മികവിന് പുറമെ താരങ്ങളുടെ പരിക്കും റോമയ്ക്ക് വില്ലനായി. ആദ്യ പകുതിയില്‍ തന്നെ ഗോള്‍കീപ്പര്‍ പാവോ ലോപ്പസ് ഉള്‍പ്പടെ മൂന്ന് കളിക്കാരെയാണ് അവര്‍ക്ക് സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യേണ്ടിവന്നത്.

ഒന്‍പതാം മിനിറ്റില്‍ തന്നെ ഫെര്‍ണാണ്ടസ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു. എന്നാല്‍, ആറ് മിനിറ്റിനുള്ളില്‍ തന്നെ കിക്ക് കാര്‍സ്‌ഡോര്‍പ്പിനെ പോഗ്ബ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി വലയിലാക്കി ലൊറെന്‍സോ റോമയ്ക്കുവേണ്ടി തിരിച്ചടിച്ചു. മുപ്പത്തിനാലാം മിനിറ്റില്‍ സെക്കോറ റോമയെ മുന്നിലെത്തിക്കുകയും ചെയ്തു.

രണ്ടാം പകുതിയിലായിരുന്നു യുണൈറ്റഡിന്റെ ഗോള്‍വര്‍ഷം. നാല്‍പത്തിയെട്ടാം മിനിറ്റില്‍ കവാനി അവരെ ഒപ്പമെത്തിച്ചു. അറുപത്തിനാലാം മിനിറ്റില്‍ ലീഡും നേടിക്കൊടുത്തു. പിന്നീട് എഴുപത്തിയൊന്നാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഫെര്‍ണാണ്ടസ് ലീഡുയര്‍ത്തി. നാലു മിനിറ്റിനുള്ളില്‍ പോഗ്ബയും എണ്‍പത്തിയാറാം മിനിറ്റില്‍ ഗ്രീന്‍വുഡും വല ചലിച്ചിപ്പ് പട്ടിക പൂര്‍ത്തിയാക്ക.

വിയ്യറയലും ആഴ്‌സനലും തമ്മിലാണ് രണ്ടാമത്തെ സെമി പോരാട്ടം. സ്‌പെയിനില്‍ നടന്ന ആദ്യപാദത്തില്‍ വിയ്യറയലിനായിരുന്നു ജയം (2-1).

Content Highlights: Fernandes and Cavani double helps Manchester United sink AS Roma in Europa League Semi final