പുണെ: കേരളാ ബ്ലാസ്റ്റേഴ്‌സ് കൈവിട്ട കനേഡിയന്‍ താരം ഇയാന്‍ ഹ്യൂം ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ പുണെ സിറ്റി എഫ്.സിയില്‍ കളിക്കും.

പുണെ ടീം അധികൃതര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു വര്‍ഷത്തേക്കാണ് കരാര്‍. ഇതുകൂടാതെ ഒരു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടാനുള്ള വ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐ.എസ്.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരനാണ് ഹ്യൂം. നാലു സീസണുകളിലായി കേരളാ ബ്ലാസ്റ്റേഴ്‌സിനും എ.ടി.കെയ്ക്കുമായി 28 ഗോളുകള്‍ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഐ.എസ്.എല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡും ഹ്യൂമിന്റെ പേരിലാണ്.

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് കളിക്കുമ്പോള്‍ കാല്‍മുട്ടിന് പരിക്കേറ്റ ഹ്യൂമിന് സീസണിലെ ബാക്കി മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇതിനു പിന്നാലെ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഹ്യൂം വിശ്രമത്തിലായിരുന്നു. 

12 ആഴ്ചകള്‍ക്കുള്ളില്‍ ഹ്യൂം കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പുണെ സിറ്റി എഫ്.സി സി.ഇ.ഒ ഗൗരവ് മോഡ് വെല്‍ പറഞ്ഞു. പരിക്കിനെ കുറിച്ച് ടീം അധികൃതരുമായും മെഡിക്കല്‍ ടീമുമായും സംസാരിച്ചിരുന്നെന്നും തിരിച്ചുവരവ് അത്ര കടുപ്പമുള്ളതാവില്ലെന്നും ഹ്യൂം പ്രതികരിച്ചു.

നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് തന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയതായി ഹ്യൂം സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.

Content Highlights: fc pune city sign isl top scorer iain hume