ലിസ്ബൺ: പോർച്ചുഗീസ് ഫുട്ബോൾ ലീഗ് കിരീടം എഫ്സി പോർട്ടോയ്ക്ക്. ലീഗിലെ നിർണായക മത്സരത്തിൽ സ്പോർടിങ്ങിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് പോർട്ടോയുടെ കിരീടനേട്ടം. രണ്ടാമതുള്ള ബെനിഫിക്കയേക്കാൾ എട്ടു പോയിന്റ് ലീഡുള്ള പോർട്ടോ ലീഗിൽ രണ്ടു മത്സരം ശേഷിക്കെയാണ് കിരീടം സ്വന്തമാക്കിയത്.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 64-ാം മിനിറ്റിലായിരുന്നു പോർട്ടോ ലീഡെടുത്തത്. പ്രതിരോധ താരം ഡാനിലോ പെരേരയായിരുന്നു ഗോൾസ്കോറർ. അലെക്സ് ടെല്ലെസിന്റെ കോർണർ ശക്തമായ ഹെഡ്ഡറിലൂടെ ഡാനിലോ വലയിലെത്തിച്ചു. രണ്ടാം ഗോളെത്തിയത് ഇഞ്ചുറി ടൈമിലായിരുന്നു. സ്പോർടിങ് ഗോൾകീപ്പർ ലൂയിസ് മാക്സിമിയാനോയെ കബളിപ്പിച്ച് മൗസ മരേഗ പന്ത് വലയിലേക്ക് ചിപ്പ് ചെയ്തു. പോർട്ടോയോക്ക് വേണ്ടി മരേഗയുടെ തുടർച്ചയായ മൂന്നാം ഗോളാണിത്. ഈ സീസണിൽ 11-ാമത്തെ ഗോളും.

പോർട്ടോയുടെ 29-ാം ലീഗ് കിരീടമാണിത്. 37 കിരീടം അക്കൗണ്ടിലുള്ള ബെനിഫിക്കയാണ് പോർട്ടോയ്ക്ക് മുന്നിലുള്ള ഏക ടീം. കഴിഞ്ഞ മൂന്നു സീസണിൽ രണ്ടു തവണയും പോർട്ടോ കിരീടം സ്വന്തമാക്കി. ലീഗിൽ ഈ സീസണിൽ 32 മത്സരങ്ങളിൽ നിന്ന് 79 പോയിന്റാണ് പോർട്ടോ ഇതുവരെ നേടിയത്. രണ്ടാമതുള്ള ബെനിഫിക്കയ്ക്ക് 32 മത്സരങ്ങളിൽ നിന്ന് 71 പോയിന്റാണുള്ളത്.