കൊല്‍ക്കത്ത: ഡ്യൂറാന്‍ഡ് കപ്പ് കിരീടം എഫ്‌സി ഗോവയ്ക്ക്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മുഹമ്മദന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഗോവ കിരീടം നേടിയത്. ഇതോടെ ഡ്യൂറാന്‍ഡ് കപ്പ് നേടുന്ന ആദ്യ ഐ.എസ്.എല്‍ ടീം എന്ന ചരിത്രനേട്ടവും എഫ്‌സി ഗോവ സ്വന്തമാക്കി. 

നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ച മത്സരത്തില്‍ അധിക സമയത്താണ് വിജയഗോള്‍ പിറന്നത്. 105-ാം മിനിറ്റില്‍ മനോഹരമായൊരു ഫ്രീ കിക്കിലൂടെ ക്യാപ്റ്റന്‍ എഡു ബേഡിയ ഗോവയ്ക്ക് വിജയഗോള്‍ സമ്മാനിച്ചു. പെനാല്‍റ്റി ബോക്‌സിന് പുറത്ത് വലതു മൂലയില്‍ നിന്ന് കിട്ടിയ ഫ്രീ കിക്ക് ഇടങ്കാലു കൊണ്ട് എഡു ബേഡിയ വലയിലെത്തിക്കുകയായിരുന്നു.

തുടക്കം മുതല്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം കളിച്ചെങ്കിലും ഗോളിലേക്കുള്ള ഷോട്ടുകള്‍ മാത്രം അകന്നുനിന്നു. മലയാളി താരം നെമില്‍ മികച്ച പ്രകടനം പുറത്തെടുത്തു. പക്ഷേ കഴിഞ്ഞ മത്സരങ്ങളിലേതു പോലെ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. നെമിലിനൊപ്പം തൃശ്ശൂരില്‍ നിന്നുള്ള ക്രിസ്റ്റി ഡേവിസും ഗോവന്‍ ടീമിന്റെ ഭാഗമാണ്. രണ്ടു മലയാളികള്‍ അടങ്ങിയ ടീം ഡ്യൂറാന്‍ഡ് കപ്പ് നേടിയതില്‍ കേരളത്തിനും അഭിമാനിക്കാം. 

ഗോവയുടെ പ്രധാനപ്പെട്ട മൂന്നാം കിരീടമാണിത്. നേരത്തെ ഐഎസ്എല്‍ ലീഗ് ഷീല്‍ഡും സൂപ്പര്‍ കപ്പ് കിരീടവും ഗോവ നേടിയിട്ടുണ്ട്.

Content Highlights: FC Goa wins maiden Durand Cup title