കൊല്‍ക്കത്ത: ഡ്യൂറാൻഡ് കപ്പില്‍ മുഹമ്മദന്‍സ്-എഫ്‌സി ഗോവ ഫൈനല്‍. ആവേശകരമായ മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയെ സഡന്‍ ഡെത്തില്‍ മറികടന്നാണ് ഗോവ ഫൈനലിലെത്തിയത്. ഇതോടെ  ഡ്യൂറാൻഡ് കപ്പ് ഫൈനലിലെത്തുന്ന ആദ്യ ഐഎസ്എല്‍ ടീം എന്ന നേട്ടം ഗോവ സ്വന്തമാക്കി.

ഷൂട്ടൗട്ടില്‍ 7-6 നായിരുന്നു ഗോവയുടെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി. മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ശിവശക്തി നാരായണനിലൂടെ ബെംഗളൂരു ലീഡെടുത്തു. ഗോവയുടെ ഗോള്‍കീപ്പര്‍ നവീന്‍ കുമാറിന്റെ പിഴവാണ് ഗോളില്‍ കലാശിച്ചത്.

എന്നാല്‍, ഈ ലീഡിന് ഏഴു മിനിറ്റ് ആയുസ് മാത്രമേയുണ്ടായിരുന്നുള്ളു. എട്ടാം മിനിറ്റില്‍ ഗോവ തിരിച്ചടിച്ചു. മലയാളി താരം നെമിലിന്റെ ക്രോസില്‍ നിന്ന് ദേവേന്ദ്രെ മുര്‍ഗോക്കറാണ് സ്‌കോര്‍ ചെയ്തത്. പിന്നീട് 71-ാം മിനിറ്റില്‍ ഗോവ ലീഡെടുത്തു. റെഡീം ടാങായിരുന്നു ഗോള്‍സ്‌കോറര്‍. 83-ാം മിനിറ്റില്‍ ബെംഗളൂരു തിരിച്ചടിച്ചു. വീണ്ടും ശിവശക്തി ലക്ഷ്യം കണ്ടു. ഇതോടെ മത്സരം കൂടുതല്‍ ആവേശത്തിലായി. പിന്നീട് ഇഞ്ചുറി ടൈമും എക്‌സ്ട്രാ ടൈമും കടന്ന് മത്സരം മുന്നോട്ടുപോയി. ഇരുടീമുകള്‍ക്കും സമനിലപ്പൂട്ട് പൊട്ടിക്കാനായില്ല. ഇതോടെ ഷൂട്ടൗട്ട് അനിവാര്യമായി. 

അയ്ബന്‍, സാന്‍സണ്‍, ലിയാണ്ടര്‍, എഡു ബേഡിയ, ചോതെ, പാപ്യുയ എന്നിവര്‍ ഗോവയ്ക്കായി ലക്ഷ്യം കണ്ടപ്പോള്‍ റദീമിന്റെ ഷോട്ട് ലാറ തടഞ്ഞു. മ്യുറാങ്, അജയ് ഛേത്രി, പരാഗ്, ബൂട്ടിയ, അജിത്, ഒറാം എന്നിവര്‍ ബെംഗളൂരുവിനായി ലക്ഷ്യം കണ്ടപ്പോള്‍ ആകാശ്ദീപിന് പിഴച്ചു. ഇതോടെ പെനാല്‍റ്റി ഷൂട്ടൗട്ട് 6-6 എന്ന നിലയിലായി. അടുത്തത് സഡന്‍ ഡെത്തായിരുന്നു. ക്രിസ്റ്റിയുടെ ഷോട്ട് വലയിലെത്തിയപ്പോള്‍ ബെംഗളൂരുവിന്റെ ലിങ്‌ദോയുടെ ഷോട്ട് തടഞ്ഞ് ഗോള്‍കീപ്പര്‍ നവീന്‍ കുമാര്‍ ഗോവയ്ക്ക് വിജയമൊരുക്കി. 

നേരത്തെ ആദ്യ സെമി ഫൈനലില്‍ ബെംഗളൂരു യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് മുഹമ്മദന്‍സ് ഫൈനലിലെത്തിയത്. 4-2നായിരുന്നു മുഹമ്മദന്‍സിന്റെ വിജയം.

Content Highlights: FC Goa reaches Durand Cup final beating Bengaluru FC in sudden death