Photo Credit: FC Goa Twitter
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ആറു സീസണുകളിലും ഒരുപോലെ ആകര്‍ഷകമായ കളി കാഴ്ചവെച്ച ഒരു ടീമേയുള്ളൂ, എഫ്.സി. ഗോവ. കളിയുടെ സൗന്ദര്യത്തില്‍ വെള്ളം ചേര്‍ക്കാന്‍ അവര്‍ ഒരിക്കലും തയ്യാറായില്ല. എന്നാല്‍, അര്‍ഹതയുണ്ടായിട്ടും കിരീടവിജയം ഇതുവരെ അവരിലേക്ക് എത്തിയതുമില്ല. ഒടുവില്‍ നടപ്പുസീസണില്‍ ലീഗ് ഘട്ടത്തിലെ ചാമ്പ്യന്മാരായി എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടുമ്പോള്‍ അതിലൊരു കാവ്യനീതിയുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിലെ 18 കളികളില്‍ 12 ജയവും മൂന്ന് വീതം സമനിലയും തോല്‍വിയുമാണ് ടീമിനുള്ളത്. മൊത്തം 39 പോയന്റ്. 46 ഗോള്‍ അടിച്ചപ്പോള്‍ തിരിച്ചുവാങ്ങിയത് 23 ഗോള്‍. ഇത്തവണയും ടീമിന്റെ പ്രകടനം ആധികാരികം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രാജ്യത്തെ ഒന്നാം ഡിവിഷന് ലീഗായതിന്റെ ഭാഗമായിട്ടാണ് ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് ചാമ്പ്യന്‍സ് ലീഗ് ബര്‍ത്ത് ലഭിച്ചത്. 50 ലക്ഷം രൂപ പ്രതിഫലമായും ലഭിക്കും. ഒപ്പം ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ടുയോഗ്യത നേടിയ ആദ്യ ക്ലബ്ബെന്ന ചരിത്രനേട്ടവും.
2017 മുതല്‍ ടീമിനൊപ്പമുണ്ടായിരുന്ന, മികച്ച ഫലങ്ങളുണ്ടാക്കിയ സ്പാനിഷ് പരിശീലകന് സെര്‍ജിയോ ലൊബേറയെ പൊടുന്നനെ മാറ്റിയതിന്റെ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് ടീം നേട്ടം കൈവരിക്കുന്നത്. പരിശീലകനോ താരങ്ങളോ അല്ല ക്ലബ്ബും അതിന്റെ തീരുമാനങ്ങളുമാണ് പ്രധാനം എന്ന സൂചനയായിരുന്നു ടീം ഒന്നാം സ്ഥാനത്ത് നില്ക്കുമ്പോള് ലൊബേറയുടെ പുറത്താകല്‍.
ഒരര്‍ഥത്തില്‍ ബ്രസീല്‍ ഇതിഹാസം സീക്കോക്കുശേഷം പരിശീലകസ്ഥാനത്തെത്തിയ ലൊബേറയാണ് ഗോവയ്ക്ക് സുശക്തമായ അടിത്തറയുണ്ടാക്കിയത്. ഒരേ മികവില്‍ എല്ലാ സീസണിലും കളിക്കാനും ആക്രമണ ഫുട്ബോളിന്റെ ശക്തിയും സൗന്ദര്യവും കളത്തില്‍ പ്രകടമാക്കാനും സ്പാനിഷ് പരിശീലകന്റെ ദീര്‍ഘവീക്ഷണവും തന്ത്രങ്ങളും വഴി കഴിഞ്ഞു.
ലൊബേറയ്ക്കുശേഷമെത്തിയ താത്കാലിക പരിശീലകന് മുന്‍ ഇന്ത്യന്‍ താരം ക്ലിഫോര്‍ഡ് മിറാന്‍ഡയ്ക്ക് പഴയ വഴിയിലൂടെ ടീമിനെ തെളിച്ചുകൊണ്ടുപോകേണ്ട ജോലിയേയുള്ളൂ.
മിറാന്‍ഡയുടെ കീഴില്‍ മൂന്നു മത്സരങ്ങളില്‍ ടീം 14 ഗോളാണ് അടിച്ചുകൂട്ടിയത്. വഴങ്ങിയത് മൂന്നുഗോള്‍.
Content Highlights: FC Goa becomes first Indian club to qualify for AFC Champions League
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..