കൊല്‍ക്കത്ത: മലയാളി താരം മുഹമ്മദ് നെമില്‍ ഇരട്ടഗോളോടെ തിളങ്ങിയ കളിയില്‍ എഫ്.സി. ഗോവയ്ക്ക് തകര്‍പ്പന്‍ ജയം. ഡ്യൂറാന്‍ഡ് കപ്പ് ഫുട്ബോളില്‍ മറ്റൊരു ഐ.എസ്.എല്‍. ക്ലബ്ബായ ജംഷേദ്പുര്‍ എഫ്.സി.യെ മുക്കി (5-0). 

ഗോവന്‍ ടീമിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണ്. ടീം നേരത്തേതന്നെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിരുന്നു. മറ്റൊരു മത്സരത്തില്‍ സുദേവ ഡല്‍ഹിയെ (1-0) തോല്‍പ്പിച്ച് ആര്‍മി ഗ്രീന്‍ ടീം ക്വാര്‍ട്ടറിലെത്തി.

46, 81 മിനിറ്റുകളിലാണ് നെമില്‍ ഗോള്‍ നേടിയത്. ആര്‍മിക്കെതിരായ കളിയിലും നെമില്‍ ഗോള്‍ നേടിയിരുന്നു. ദേവേന്ദ്ര മുര്‍ഗാവോങ്കറും ഇരട്ടഗോള്‍ (20, 44) നേടി. പ്രിന്‍സ്റ്റണ്‍ റിബെല്ലോയും (26) സ്‌കോര്‍ ചെയ്തു. ദീപക് സിങ്ങിന്റെ ഗോളിലാണ് ആര്‍മി സുദേവയെ തോല്‍പ്പിച്ചത്.

Content Highlights: FC Goa beat Jamshedpur FC in Durand Cup 2021