കൊല്‍ക്കത്ത: ഡ്യൂറാന്‍ഡ് കപ്പില്‍ കരുത്തരായ എഫ്.സി.ഗോവ സെമി ഫൈനലില്‍. അട്ടിമറികളിലൂടെ മുന്നേറിയ ഡല്‍ഹി എഫ്.സിയെ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്താണ് ഗോവ അവസാന നാലില്‍ ഇടം നേടിയത്. 

മലയാളി താരം നെമില്‍ ടീമിനായി സ്‌കോര്‍ ചെയ്തു. ഡ്യൂറാന്‍ഡ് കപ്പില്‍ തുടര്‍ച്ചയായി മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്യുന്ന നെമില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. നെമിലിന് പുറമേ ദേവേന്ദ്ര ധാക്കു മുര്‍ഗാവോക്കര്‍, പ്ലേമേക്കര്‍ ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസ്, ലിയാന്‍ഡര്‍ കുന്‍ഹ, റൊമാരിയോ ജെസുരാജ് എന്നിവരും ഗോവയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. നിഖില്‍ മാലി ഡല്‍ഹിയുടെ ആശ്വാസ ഗോള്‍ നേടി. 

മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ഗോവയാണ് കളിയില്‍ ആധിപത്യം പുലര്‍ത്തിയത്. ആദ്യ പകുതിയില്‍ തന്നെ ടീം 3-0 ന് ലീഡെടുത്തു. രണ്ടാം പകുതിയില്‍ ഡല്‍ഹി ഒരുഗോള്‍ തിരിച്ചടിച്ചെങ്കിലും പിന്നീട് രണ്ട് ഗോളുകള്‍ കൂടി നേടിക്കൊണ്ട് ഗോവ വിജയമുറപ്പിച്ചു. 

സെമിയില്‍ ബെംഗളൂരു യുണൈറ്റഡാണ് ഗോവയുടെ എതിരാളികള്‍. ക്വാര്‍ട്ടറില്‍ വാക്ക് ഓവര്‍ ലഭിച്ചാണ് ബെംഗളൂരു സെമിയിലേക്ക് യോഗ്യത നേടിയത്. 

Content Highlights: FC Goa Advance inti the semi finals of Durand Cup 2021