മഡ്രിഡ്: സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ക്ലബ്ബ് ഫുട്ബോളില്‍ കലഹം രൂക്ഷമാകുന്നു. ചേരിപ്പോരിന് ആക്കംകൂട്ടി വ്യാഴാഴ്ച അര്‍ധരാത്രി ക്ലബ്ബ് ഡയറക്ടര്‍ ബോര്‍ഡിലെ ആറ് അംഗങ്ങള്‍ രാജിവെച്ചു.

ഇവരില്‍ രണ്ടുപേര്‍ വൈസ് പ്രസിഡന്റുമാരാണ്. പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്തോമ്യുവിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി.

കൊറോണ വൈറസ് വ്യാപനംമൂലം സാമ്പത്തികനഷ്ടം നേരിടുന്ന ക്ലബ്ബിന് പുതിയ സംഭവവികാസങ്ങള്‍ കനത്ത പ്രഹരമായി. വൈസ് പ്രസിഡന്റുമാരായ എമിലി റൗസൗദ്, എന്‍ റീക്കെ തോബസ്, ഡയറക്ടര്‍മാരായ സില്‍വിയോ എലിയാസ്, ജോസെപ് പോണ്ട്, ജോര്‍ഡി കാല്‍സമിഗ്ലിയ, മരിയ ടെക്സിഡോര്‍ എന്നിവരാണ് രാജിവെച്ചത്.

ബര്‍ത്തോമ്യുവിനെ രൂക്ഷമായി വിമര്‍ശിക്കുന്ന കത്തും ഇവര്‍ പുറത്തുവിട്ടു. എന്നാല്‍, ഇപ്പോള്‍ രാജിവെച്ച വൈസ് പ്രസിഡന്റുമാരടക്കം നാലുപേരോട് പ്രസിഡന്റ് നേരത്തേ രാജി ആവശ്യപ്പെട്ടിരുന്നെന്നും വാര്‍ത്തകളുണ്ട്. ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടനയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്.

ക്ലബ്ബ് പ്രസിഡന്റ് സ്ഥാനത്തേക്ക് അടുത്തവര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കങ്ങളും ചേരിപ്പോരുമാണ് കറ്റാലന്‍ ക്ലബ്ബില്‍ നടക്കുന്നത്. ബര്‍ത്തോമ്യുവിന്റെ പിന്‍ഗാമിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടയാളാണ് റൗസൗദ്. 2015 മുതല്‍ ബര്‍ത്തോമ്യുവാണ് ക്ലബ്ബിനെ നയിക്കുന്നത്.

തുടരെയുണ്ടാകുന്ന വിവാദങ്ങളും സംഭവങ്ങളും ക്ലബ്ബിനെ കുഴപ്പത്തിലാക്കുന്നുണ്ട്. ബാഴ്സ ഗേറ്റ്, മെസ്സി - അബിദാല്‍ തര്‍ക്കം, ശമ്പളം കുറച്ചതിനെച്ചൊല്ലി കളിക്കാരുടെ പ്രതിഷേധം എന്നിവ അടുത്തകാലത്ത് വിവാദമായി.

ബാഴ്സ ഗേറ്റ് സംഭവത്തെയും പ്രസിഡന്റിന്റെ നിലപാടുകളെയും രാജിവെച്ചവരുടെ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സൂപ്പര്‍താരം മെസ്സിയുമായി അകന്ന ബര്‍ത്തോമ്യുവിന് ഈ രാജികള്‍ തിരിച്ചടിയാകും. ബാഴ്സഗേറ്റ്, പ്രതിഫലതര്‍ക്കം എന്നിവയില്‍ മെസ്സിയും ബര്‍ത്തോമ്യുവും രണ്ട് ചേരികളിലാണ്. അബിദാലുമായുള്ള തര്‍ക്കവും മെസ്സിക്കെതിരേയുള്ള ബര്‍ത്തോമ്യുവിന്റെ നീക്കമായി വിലയിരുത്തുന്നുണ്ട്. പ്രസിഡന്റ് തെരഞ്ഞെുപ്പില്‍ ടീം നായകനായ മെസ്സി തനിക്കെതിരേ തിരിയുമോയെന്ന ഭയത്തില്‍ നിന്നാണ് പ്രസിഡന്റിന്റെ നീക്കങ്ങള്‍. മെസ്സി ക്ലബ്ബ് വിടുമെന്ന അഭ്യൂഹവും ശക്തമാണ്.

മെസ്സി - അബിദാല്‍ തര്‍ക്കം

ടീം പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദയെ പുറത്താക്കിയതിന് ശേഷമാണ് മുന്‍ താരവും ഫുട്ബോള്‍ ഡയറക്ടറുമായ എറിക് അബിദാല്‍ രംഗത്തുവന്നത്. ചില മുതിര്‍ന്ന താരങ്ങള്‍ സഹകരിക്കാത്തതുകൊണ്ടാണ് പരിശീലകന് പുറത്തുപോകേണ്ടിവന്നതെന്ന് അബിദാല്‍ ആരോപിച്ചു.

ഇതിനെതിരേ രംഗത്തുവന്ന മെസ്സി താരങ്ങളുടെ പേര് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം എല്ലാ താരങ്ങളും സംശയത്തിന്റെ നിഴലിലാകുമെന്നും തുറന്നടിച്ചു.

ബാഴ്സ ഗേറ്റ്

ലയണല്‍ മെസ്സിയും ജെറാര്‍ഡ് പീക്വയും അടങ്ങുന്ന മുതിര്‍ന്ന താരങ്ങളുടെ പ്രതിച്ഛായ മോശമാക്കാന്‍ പബ്ലിക് റിലേഷന്‍ കമ്പനിയെ ബര്‍ത്തോമ്യു നിയോഗിച്ചെന്നാണ് ആരോപണം. ബാഴ്സയുമായി ബന്ധമുള്ള ഓണ്‍ലൈന്‍ കമ്പനിയുടെ ഭാഗമായ ഗ്രൂപ്പിന് ഇതിനായി പണം നല്‍കിയെന്നാണ് ആരോപണം.

പ്രതിഫലതര്‍ക്കം

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കളികള്‍ മുടങ്ങിയതോടെ ക്ലബ്ബിന് സാമ്പത്തിക നഷ്ടം ഉറപ്പായിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ താരങ്ങളുടെ ശമ്പളത്തില്‍ 70 ശതമാനം കുറയ്ക്കാന്‍ ക്ലബ്ബ് തീരുമാനിച്ചിരുന്നു. കളിക്കാരുമായി ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ട ശേഷം പ്രസിഡന്റ് പ്രഖ്യാപനം നടത്തുകയായിരുന്നു. ഇതിനെതിരേ മെസ്സി രംഗത്തുവന്നു. പ്രതിഫലം കുറയ്ക്കുന്നതിന് താരങ്ങള്‍ എതിരില്ലെന്നും എന്നാല്‍, ഇതിനായി ക്ലബ്ബ് സ്വീകരിച്ച നടപടി ശരിയായില്ലെന്നും മെസ്സി വ്യക്തമാക്കി.

Content Highlights: FC Barcelona dealing with problem after problem