ബാഴ്‌സലോണ: തുടര്‍തോല്‍വികളില്‍ നിന്ന് ടീമിനെ കരകയറ്റാന്‍ കഴിയാത്ത ഡച്ച് പരിശീലകന്‍ റൊണാള്‍ഡ് കോമാനെ പുറത്താക്കി സ്പാനിഷ് ക്ലബ്ബ് എഫ്.സി ബാഴ്‌സലോണ. ക്ലബ്ബിന്റെ ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസ് കോമാന് പകരക്കാരനായേക്കും. കഴിഞ്ഞ സീസണിലാണ് കോമാന്‍ ബാഴ്‌സയുടെ പരിശീലകനായി സ്ഥാനമേറ്റത്. ലയണല്‍ മെസിയുമായി പോലും നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയാതിരുന്ന പരിശീലകനാണ് കോമാന്‍.

റയോ വല്ലക്കാനോയുമായുള്ള മത്സരത്തില്‍ തോറ്റ് പോയിന്റ് പട്ടികയില്‍ ടീം ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് കോമാനെ പുറത്താക്കാന്‍ ക്ലബ്‌ തീരുമാനിച്ചത്. അവസാനമായി കളിച്ച ഏഴ് മത്സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് കാറ്റാലന്‍ ക്ലബ്ബിന് വിജയിക്കാനായത്. ഈ സീസണില്‍ വളരെ പരിതാപകരമാണ് ബാഴ്‌സയുടെ അവസ്ഥ. ഇങ്ങനെ പോയാല്‍ ടീം അടുത്ത വര്‍ഷം ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ പോലും സാധ്യതയില്ല. ഞായറാഴ്ച നടന്ന എല്‍ ക്ലാസിക്കോയില്‍ റയലിനോട് തോറ്റപ്പോള്‍ തന്നെ കോമാന്റെ കാര്യത്തില്‍ ഏകദേശ തീരുമാനം ബാഴ്‌സ കൈക്കൊണ്ടിരുന്നു.

കോമാന് പകരക്കാരനാകാന്‍ ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന സാവി നിലവില്‍ ഖത്തര്‍ ക്ലബ്ബ് അല്‍ സാദിന്റെ പരിശീലകനാണ്. ഇടക്കാല പരിശീലകനായി ബി ടീം കോച്ച് സെര്‍ജി ബാറുവാനെ നിയമിതനാകും. ബാഴ്‌സയുടെ മുന്‍ പ്രസിഡന്റ് ബാര്‍തമ്യൂവാണ് കോമാനെ പരിശീലകനായി നിയമിച്ചത്. ആദ്യ സീസണില്‍ കോപ്പ ഡെല്‍ റേ കിരീടം നേടാനും ഒപ്പം മെസിയെ ഒരു സീസണ്‍ കൂടി പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞതും കോമാന്റെ നേട്ടങ്ങളായിരുന്നു. 

പിന്നീടങ്ങോട്ട് ബാഴ്‌സയ്ക്കും കോമാനും അത്ര നല്ല കാലമായിരുന്നില്ല. ടീം കടന്ന് പോകുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ്. കോമാന്‍ കൈയൊഴിഞ്ഞ ലൂയി സുവാരസ് അത്‌ലറ്റിക്കോ മാഡ്രിഡിനായി തകര്‍പ്പന്‍ പ്രകടനം നടത്തുന്നു. ചെറിയ ടീമുകളോട് പോലും ബാഴ്‌സ വിയര്‍ക്കുന്നു. വലിയ എതിരാളികളോട് നാണംകെട്ട രീതിയില്‍ തോല്‍ക്കുന്നു. ബാഴ്‌സ നേരിടുന്ന ഈ പ്രതിസന്ധികള്‍ക്കൊന്നും കോമാന്റെ കൈയില്‍ പരിഹാരമുണ്ടായിരുന്നില്ല.

Content Highlights: fc barcelona coach Ronald koeman sacked