ബാഴ്‌സലോണ: ലാ ലിഗയില്‍ കരുത്തരായ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. വലന്‍സിയയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്‌സ വിജയവഴിയില്‍ തിരിച്ചെത്തിയത്. പുതിയ സീസണില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ടീമിന് ഏറെ ആശ്വാസം പകരുന്ന വിജയമാണിത്. 

പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ യുവതാരം അന്‍സു ഫാറ്റി, മെംഫിസ് ഡീപെ, ഫിലിപ്പെ കുടീന്യോ എന്നിവര്‍ ടീമിന് വേണ്ടി സ്‌കോര്‍ ചെയ്തു. ഹോസെ ഗയയാണ് വലന്‍സിയയുടെ ആശ്വാസ ഗോള്‍ നേടിയത്. 

അഞ്ചാം മിനിട്ടില്‍ ഹോസെ നേടിയ തകര്‍പ്പന്‍ ലോങ്‌റേഞ്ചര്‍ ഗോളിലൂടെ വലന്‍സിയയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 13-ാം മിനിട്ടില്‍ ഒന്നാന്തരം ഗോളിലൂടെ അന്‍സു ഫാറ്റി ബാഴ്‌സയ്ക്ക് സമനില ഗോള്‍ നേടി. 41-ാം മിനിട്ടില്‍ പെനാല്‍ട്ടി ബോക്‌സില്‍ വെച്ച് ഫാറ്റിയെ ഹോസെ ഗയ ഫൗള്‍ ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട റഫറി ഹോസെയ്ക്ക് മഞ്ഞക്കാര്‍ഡ് നല്‍കുകയും ബാഴ്‌സയ്ക്ക് അനുകൂലമായി പെനാല്‍ട്ടി വിധിക്കുകയും ചെയ്തു. കിക്കെടുത്ത ഡീപെയ്ക്ക് തെറ്റിയില്ല. പന്ത് അനായാസം വലയിലെത്തിച്ച് ഡീപെ ബാഴ്‌സയ്ക്ക് ലീഡ് സമ്മാനിച്ചു. ആദ്യ പകുതിയില്‍ ടീം 2-1 ന് മുന്നിലെത്തി.

രണ്ടാം പകുതിയില്‍ അന്‍സു ഫാറ്റിയ്ക്ക് പകരം ഗ്രൗണ്ടിലെത്തിയ ഫിലിപ്പെ കുടീന്യോ കൂടി സ്‌കോര്‍ ചെയ്തതോടെ ബാഴ്‌സലോണ വിജയമുറപ്പിച്ചു. ഡെസ്റ്റില്‍ നിന്ന് പന്ത് സ്വീകരിച്ച കുടീന്യോ അനായാസം ലക്ഷ്യം കണ്ടു. ഈ സീസണില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്‌സലോണയിലെത്തിയ സെര്‍ജിയോ അഗ്യൂറോ ടീമിനായി അരങ്ങേറ്റം കുറിച്ചു.

തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷമാണ് ബാഴ്‌സ വിജയവഴിയില്‍ തിരിച്ചെത്തിയത്. ലാലിഗയിലെ അവസാന മത്സരത്തില്‍ അത്‌ലറ്റിക്കോ മഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബാഴ്‌സയെ തകര്‍ത്തിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കയോടും ടീം തോല്‍വി ഏറ്റുവാങ്ങി. 

ഈ വിജയത്തോടെ ബാഴ്‌സലോണ പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. എട്ട് മത്സരങ്ങളില്‍ നിന്ന് 15 പോയന്റാണ് ടീമിലുള്ളത്. 9 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുള്ള റയല്‍ സോസിഡാഡാണ് പട്ടികയില്‍ ഒന്നാമത്. റയല്‍ മഡ്രിഡ് രണ്ടാമതും സെവിയ്യ മൂന്നാമതും നില്‍ക്കുന്നു.

Content Highlights: FC Barcelona beat Valencia FC in La Liga