ബാഴ്‌സലോണ: ലാ ലിഗയില്‍ തുടര്‍ച്ചയായ സമനിലകള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തി ബാഴ്‌സലോണ. ലെവാന്റയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തത്. 

ആറാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് മെംഫിസ് ഡീപേ ബാഴ്‌സലോണയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടി. പിന്നാലെ 14-ാം മിനിട്ടില്‍ ലൂക്ക് ഡി യോങ്ങും ബാഴ്‌സയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തതോടെ ആദ്യ പകുതിയില്‍ ടീം 2-0 ന് മുന്നിലെത്തി. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ യുവതാരം അന്‍സു ഫാത്തി ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. 

ഈ വിജയത്തോടെ ആറു മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയങ്ങളും മൂന്ന് സമനിലയും നേടിയ ബാഴ്‌സ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. ഏഴ് മത്സരങ്ങളില്‍ നിന്ന് 17 പോയന്റുള്ള റയല്‍ മഡ്രിഡാണ് പട്ടികയില്‍ ഒന്നാമത്. സെവിയ്യ, അത്‌ലറ്റിക്കോ മഡ്രിഡ് എന്നീ ടീമുകള്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

സീരി എയില്‍ യുവന്റസ് പുതിയ സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി. സാംപ്‌ദോറിയയെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് യുവന്റസ് കീഴ്‌പ്പെടുത്തിയത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടശേഷം യുവന്റസിന് മോശം കാലമായിരുന്നു.സീരി എയിലെ ആദ്യ അഞ്ചുമത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് ടീമിന് നേടാനായത്. എന്നാല്‍ സാംപ്‌ദോറിയയ്‌ക്കെതിരേ മികച്ച പ്രകടനം പുറത്തെടുക്കാന്‍ യുവന്റസിന് സാധിച്ചു. 

10-ാം മിനിട്ടില്‍ പൗലോ ഡിബാലയിലൂടെ യുവന്റസ് മുന്നിലെത്തി. 43-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ലിയോണാര്‍ഡോ ബൊനൂച്ചി ടീമിനായി രണ്ടാം ഗോള്‍ നേടി. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിട്ട് ബാക്കിനില്‍ക്കേ മായ യോഷിദ സാംപ്‌ദോറിയയ്ക്ക് വേണ്ടി ഒരു ഗോള്‍ മടക്കി. ഇതോടെ ആദ്യ പകുതിയില്‍ യുവന്റസ് 2-1 ന് മുന്നിലെത്തി.

രണ്ടാം പകുതിയില്‍ 57-ാം മിനിട്ടില്‍ മാനുവല്‍ ലോക്കാട്ടെല്ലി കൂടി സ്‌കോര്‍ ചെയ്തതോടെ യുവന്റസ് 3-1 ന് ലീഡുയര്‍ത്തി. 83-ാം മിനിട്ടില്‍ ആന്റോണിയോ കാന്‍ഡ്രേവ ഒരു ഗോള്‍ കൂടി തിരിച്ചടിച്ചെങ്കിലും യുവന്റസ് വിജയമുറപ്പിച്ചു. 

തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ വിജയിച്ചതോടെ യുവന്റസ് പോയന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആറുമത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റാണ് ടീമിനുള്ളത്. 16 പോയന്റുമായി എ.സി.മിലാനാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. നാപ്പോളി രണ്ടാമതും ഇന്റര്‍ മിലാന്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

Content Highlights: FC Barcelona and Juventus secure win in league games 2021-2022