ലണ്ടന്‍: എഫ്.എ. കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ട് മത്സരങ്ങളില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ആഴ്‌സനല്‍, ലെസ്റ്റര്‍ സിറ്റി ടീമുകള്‍ക്ക് മികച്ച വിജയം. യുണൈറ്റഡ് വാറ്റ്‌ഫോര്‍ഡിനെയും ആഴ്‌സനല്‍ ന്യൂകാസിലിനെയും ലെസ്റ്റര്‍ സ്‌റ്റോക്ക് സിറ്റിയെയും പരാജയപ്പെടുത്തി.

യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചുനടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ടീം വാറ്റ്‌ഫോര്‍ഡിനെ തോല്‍പ്പിച്ചത്. അഞ്ചാം മിനിട്ടില്‍ സ്‌കോട്ട് മക്ടോമിനെയാണ് ടീമിനായി വിജയഗോള്‍ നേടിയത്. പ്രമുഖ താരങ്ങള്‍ക്കെല്ലാം വിശ്രമം കൊടുത്ത മത്സരത്തില്‍ യുണൈറ്റഡിനായി ജെയിംസ്, മാട്ട, വാന്‍ ബീക്ക്, ടെല്ലെസ്, വില്യംസ് തുടങ്ങിയ താരങ്ങള്‍ കളിക്കാനിറങ്ങി.

അധികസമയത്തേക്ക് നീണ്ട മത്സരത്തിനൊടുവിലാണ് ആഴ്‌സനല്‍ ന്യൂകാസില്‍ യുണൈറ്റഡിനെ കീഴടക്കിയത്. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സിന്റെ വിജയം. 109-ാം മിനിട്ടില്‍ സ്മിത്ത് റോവും 117-ാം മിനിട്ടില്‍ പിയറി ഔബമെയാങ്ങും ടീമിനായി സ്‌കോര്‍ ചെയ്തു. 

ലെസ്റ്റര്‍ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് സ്‌റ്റോക്‌സിറ്റിയെ നാണം കെടുത്തി. ആദ്യപകുതിയില്‍ ജെയിംസ് ജസ്റ്റിന്റെ ഗോളില്‍ മുന്നിട്ടുനിന്ന ലെസ്റ്ററിനായി രണ്ടാം പകുതിയില്‍ ഓള്‍ബ്രൈറ്റണ്‍, അയോസെ പെരെസ്, ഹാര്‍വി ബാണ്‍സ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. 

Content Highlights: FA Cup Third Round Football Match Results