യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടറില്‍ ബാഴ്സലോണയെ നേരിടാനൊരുങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എഫ്.എ. കപ്പില്‍ കനത്ത ആഘാതം. കരുത്തരായ യുണൈറ്റഡിനെ തോല്പിച്ച വുള്‍വര്‍ഹാംപ്ടണ്‍ വാന്‍ഡറേഴ്സ് എഫ്.എ. കപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷമാണ് വുള്‍വ്സ് ടൂര്‍ണമെന്റിന്റെ സെമി കളിക്കുന്നത്.
സ്വന്തം തട്ടകമായ മളിന്യൂ സ്റ്റേഡിയത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു വുള്‍വ്സിന്റെ ജയം. എഴുപതാം മിനിറ്റില്‍ റൗള്‍ ജിമിനെസിന്റെ ഗോളിലാണ് വുള്‍വ്സ് ആദ്യം ലീഡ് നേടിയത്. ആറു മിനിറ്റിനുശേഷം ഡിയോഗോ ജോട്ട ലീഡുയര്‍ത്തി. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനറ്റില്‍ റാഷ്ഫോര്‍ഡാണ് യുണൈറ്റഡിന്റെ മാനം പേരിനെങ്കിലും കാത്ത ആശ്വാസഗോള്‍ നേടിയത്.
ജോട്ടയെ ഫൗള്‍ ചെയ്തതിന് യുണൈറ്റഡിന്റെ വിക്ടര്‍ ലിന്‍ഡെലോഫിനെ റഫറി മാര്ട്ടിന് അറ്റ്കിന്സണ് ആദ്യം ചുവപ്പ് കാര്‍ഡ് കാട്ടിയെങ്കിലും പിന്നീട് ലൈൻ റഫറിയുമായുള്ള കൂടിയാലോചനയ്ക്കുശേഷം ചുവപ്പ് മഞ്ഞയാക്കുകയായിരുന്നു. വുള്‍വ്സിന്റെ പതിനഞ്ചാം എഫ്.എ. കപ്പ് സെമിയാണിത്. 1997നുശേഷം ഇതാദ്യമായാണ് അവര്‍ സെമിയിലെത്തുന്നത്.
സെര്‍ജിയോ അഗ്യുറോ നേടിയ വിവാദ ഗോളിന്റെയും ഒരു സെല്‍ഫ് ഗോളിന്റെയും ബലത്തില്‍ സ്വാന്‍സി സിറ്റിയെ തോല്പിച്ച മാഞ്ചസ്റ്റര്‍ സിറ്റിയും സെമിയില്‍ പ്രവേശിച്ചു. രണ്ടിനെതിരേ മൂന്ന് ഗോളിനായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം.
ഇരുപതാം മിനിറ്റില്‍ ഗ്രിമെസിലൂടെ സ്വാന്‍സിയാണ് ആദ്യം ലീഡ് നേടിയത്. ഇരുപത്തിയൊന്‍പതാം മിനിറ്റില്‍ സെലിന ലീഡുയര്‍ത്തി. അറുപത്തിയൊന്‍പതാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയിലൂടെയാണ് സിറ്റി ആദ്യം ലക്ഷ്യം കണ്ടത്. എഴുപത്തിയെട്ടാം മിനിറ്റില്‍ നോര്‍ഡ്ഫെല്‍ഡിന്റെ കാലില്‍ നിന്ന് ഒരു സെല്‍ഫ് ഗോള്‍ വീണതോടെ സിറ്റി ഒപ്പമെത്തി. എണ്‍പത്തിയെട്ടാം മിനിറ്റിലായിരുന്നു ഒരു ഡൈവിങ് ഹെഡ്ഡറിലൂടെയുള്ള അഗ്യുറോയുടെ വിജയഗോള്‍.
വീഡിയോ റീപ്ലേയില്‍ അഗ്യുറോ ഓഫ്സൈഡാണെന്ന് വ്യക്തമായിരുന്നെങ്കിലും എഫ്.എ. കപ്പില്‍ വാര് ഇല്ലാത്തത് അഗ്യുറോയ്ക്കും സിറ്റിക്കും തുണയായി.
ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരേ രണ്ട് ഗോളിന് തോല്പിച്ച വാറ്റ്ഫോര്‍ഡും സെമിയില്‍ പ്രവേശിച്ചു. കാപ്പൗവും (27') ഗ്രേയുമാണ് (79') വാറ്റ്ഫോര്‍ഡിന്റെ സ്കോറര്‍മാര്‍. ക്രിസ്റ്റല്‍ പാലസിനുവേണ്ടി ബാറ്റ്ഷൂയി (62') ഒരു ഗോള്‍ മടക്കി.
Content Highlights: FA Cup Quarterfinal Manchester United Manchester City Wolverhampton Wanderers Swansea City Aguero
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..