ലണ്ടന്‍: എഫ്.എ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ തകര്‍ത്ത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍. ഇന്ന് നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സോള്‍ഷ്യറിന്റെ കുട്ടികള്‍ മൗറീസിയോ സാറിയുടെ ടീമിനെ തകര്‍ത്തുവിട്ടത്. കളം നിറഞ്ഞു കളിച്ചത് ചെല്‍സിയാണെങ്കിലും യുണൈറ്റഡ് കിട്ടിയ അവസരങ്ങള്‍ മുതലാക്കുകയായിരുന്നു.
ഒരു ഗോള്‍ സ്കോര്‍ ചെയ്യുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത ഫ്രഞ്ച് താരം പോള്‍ പോഗ്ബയുടെ മികവിലായിരുന്നു സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെകുത്താന്മാരുടെ വിജയം. അലക്സ് ഫെര്ഗൂസന് സ്ഥാനമൊഴിഞ്ഞ ശേഷം ആദ്യമായാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ ഒരു മത്സരം വിജയിക്കുന്നത്.
ആദ്യ പകുതിയിലായിരുന്നു യുണൈറ്റഡിന്റെ രണ്ടു ഗോളുകളും. സാറിയുടെ പൊസഷന്‍ ഗെയിമിനെതിരേ പ്രസ്സിങ് ഗെയിമിലൂടെയാണ് സോള്‍ഷ്യര്‍ മറുപടി നല്‍കിയത്. ഇത്തരത്തില്‍ ഇടതു വിങ്ങിലൂടെ നടത്തിയ ഒരു നീക്കമാണ് ആദ്യ ഗോളിന് വഴിവെച്ചത്. ഇടതു വിങ്ങില്‍ നിന്നുള്ള പോഗ്ബയുടെ ക്രോസിന് തല വെച്ച ഹെരേര 31-ാം മിനിറ്റില്‍ യുണൈറ്റഡിനെ മുന്നിലെത്തിച്ചു.
ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് പോഗ്ബ യുണൈറ്റഡിന്റെ ലീഡുയര്‍ത്തി. വലതുവിങ്ങില്‍ നിന്ന് റാഷ്ഫോര്‍ഡ് കൊടുത്ത ക്രോസില്‍ നിന്ന് ഒരു ബുള്ളറ്റ് ഹെഡറിലൂടെയായിരുന്നു പോഗ്ബയുടെ ഗോള്‍. രണ്ടാം പകുതിയില്‍ പ്രതിരോധം ശക്തിപ്പെടുത്തിയ യുണൈറ്റഡ് വിജയം പിടിച്ചെടുത്തു.
കഴിഞ്ഞ സീസണില്‍ തങ്ങളെ തോല്‍പ്പിച്ച് എഫ്.എ കപ്പ് കിരീടം ചൂടിയ ചെല്‍സിയോടുള്ള മധുരപ്രതികാരം കൂടിയായി യുണൈറ്റഡിനിത്.
അവസാന മത്സരത്തില്‍ പി.എസ്.ജിയോടേറ്റ പരാജയത്തിന്റെ ക്ഷീണത്തിലായിരുന്നു മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. മാത്രമല്ല മര്‍ഷ്യല്‍, ലിങാര്‍ഡ്, ഡി ഹിയ എന്നിവരെക്കൂടാതെയാണ് യുണൈറ്റഡ് ഇറങ്ങിയത്.
പരാജയത്തോടെ ചെല്‍സി പരിശീലകന് മൗറിസിയോ സാറിയുടെ നില പരുങ്ങലിലായി. നേരത്തെ ലീഗില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയോട് ചെല്‍സി എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.
Content Highlights: fa cup manchester united beat chelsea
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..