ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് ആഴ്സണല്‍ എഫ്.എ കപ്പ് കിരീടം നേടിയപ്പോള്‍ ഡീപോര്‍ട്ടീവോ അലാവെസിനെ മറികടന്ന് ബാഴ്സലോണ സ്പാനിഷ് കിങ്സ് കപ്പില്‍ ചാമ്പ്യന്മാരായി. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബാഴ്സലോണയുടെ വിജയം. ഫ്രാങ്ക്ഫര്‍ട്ടിനെ തോല്‍പ്പിച്ച് ജര്‍മന്‍ കപ്പ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടും നേടി.
ചെല്‍സിക്കെതിരായ മത്സരത്തില്‍ ആഴ്സണലിന് വേണ്ടി അലക്സി സാഞ്ചസും റാംസിയും ഗോള്‍ നേടിയപ്പോള്‍ ചെല്‍സിയുടെ ആശ്വാസ ഗോള്‍ ഡീഗോ കോസ്റ്റയുടെ വകയായിരുന്നു. വിക്ടര്‍ മോസസ് രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പുറത്തു പോയതോടെ അവസാന 20 മിനുട്ട് ചെല്‍സി 10 പേരുമായാണ് കളിച്ചത്. എഫ്.എ കപ്പ് ഏറ്റവും കൂടുതല്‍ നേടുന്ന കോച്ച് എന്ന നേട്ടം ഇതോടെ ആര്‍സെന്‍ വെങ്ങര്‍ സ്വാന്തമാക്കി. വെങ്ങറിന്റെ ഏഴാമത്തെ എഫ്.എ കപ്പ് കിരീടമായിരുന്നു ഇത്.
കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ അലക്സി സാഞ്ചസിലൂടെ ആഴ്സണല്‍ മുന്നിലെത്തി. സാഞ്ചസിന്റെ ഗോള്‍ ലൈന്‍ റഫറി ഓഫ്സൈഡ് വിളിച്ചെങ്കിലും റഫറി ആന്റണി ടൈലര്‍ അത് ഗോളായി വിധിക്കുകയായിരുന്നു. ഓഫ്സൈഡിന് വേണ്ടിയും ഹാന്ഡിന് വേണ്ടിയും ചെല്‍സി താരങ്ങള്‍ വാദിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചു. രണ്ടാം പകുതിയില്‍ ചെല്‍സി ഉണര്‍ന്നു കളിച്ചെങ്കിലും 68-ാം മിനുറ്റില്‍ ആഴ്സണല്‍ പെനാല്‍റ്റി ബോക്സില്‍ ഡൈവ് ചെയ്തതിന് വിക്ടര്‍ മോസസ് രണ്ടാമത്തെ മഞ്ഞ കാര്‍ഡ് കണ്ടതോടെ പത്ത് പേരായി ചുരുങ്ങിയ ചെല്‍സിയുടെ നില പരുങ്ങലിലായി.
76-ാം മിനിറ്റില്‍ വില്ല്യന് ക്രോസില്‍ നിന്ന് കോസ്റ്റ ആഴ്സണലിന്റെ വല ചലിപ്പിച്ചതോടെ ചെല്‍സി മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ ചെല്‍സിയുടെ സമനില ഗോളിന് അധികം ആയുസുണ്ടായിരുന്നില്ല. മൂന്ന് മിനിറ്റിന് ശേഷം റാംസിയിലൂടെ ആഴ്സണല്‍ വീണ്ടും മുന്നിലെത്തി. ജിറൗഡിന്റെ ക്രോസില്‍ നിന്നായിരുന്നു റാംസിയുടെ ഗോള്‍.
സ്പാനിഷ് കിങ്സ് കപ്പില്‍ പ്രതീക്ഷിച്ചതിന് വിപരീതമായൊന്നും സംഭവിച്ചില്ല. ചാമ്പ്യന്‍സ് ലീഗും ലാ ലിഗ കിരീടവും നഷ്ടപ്പെട്ട ബാഴ്സലോണക്ക് കിങ്സ് കപ്പ് സമ്മാനിച്ച് പരിശീലകന് ലൂയി എന്റിക്വെ പടിയിറങ്ങി. ലയണല്‍ മെസ്സിയും നെയ്മറും അല്കെയ്സറും ബാഴ്സക്കായി ലക്ഷ്യം കണ്ടപ്പോള്‍ ഹെമാന്ഡസാണ് അലാവെസിന്റെ ഒറ്റ ഗോള്‍ നേടിയത്.
ജര്‍മ്മനിയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ തേരോട്ടമായിരുന്നു. മൂന്നു തവണ ഫൈനലില്‍ എത്തിയിട്ടും കിട്ടാതെ പോയ ജര്‍മ്മന്‍ കപ്പ് ഫ്രാങ്ക്ഫര്‍ട്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് ബൊറൂസിയ സ്വന്തമാക്കി. ഡോര്‍ട്ട്മുണ്ടിന് വേണ്ടി ഒസ്മാന്‍ ഡെംബെലെയും ഓബ്മയാങ്ങും ഗോള്‍ നേടിയപ്പോള്‍ ആന്റെ റെബികിന്റെ വകയായിരുന്നു ഫ്രാങ്ക്ഫര്‍ട്ടിന്റെ ഗോള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..