ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ ബാഴ്‌സലോണ പുറത്താക്കിയ കോച്ച് ക്വിക്കെ സെറ്റിയന്‍ ക്ലബ്ബിനെതിരേ നിയമനടപടിക്കൊരുങ്ങുന്നു.

സെറ്റിയനൊപ്പം ഏദര്‍ സരാബിയ, ജോണ്‍ പാസ്‌ക്വ, ഫ്രാന്‍ സോട്ടോ എന്നീ സഹപരിശീലകരും ബാഴ്‌സലോണയ്‌ക്കെതിരേ നിയമനടപടിക്കുള്ള തയ്യാറെടുപ്പിലാണ്. ഓഗസ്റ്റ് 17-ന് ക്ലബ്ബ് പുറത്താക്കിയെങ്കിലും കരാര്‍ റദ്ദാക്കിയതു സംബന്ധിച്ച ബാഴ്‌സലോണയുടെ നോട്ടീസ് സെപ്റ്റംബര്‍ 16-നാണ് തനിക്ക് ലഭിച്ചതെന്നാണ് സെറ്റിയന്റെ ആരോപണം. 

പുറത്താക്കിയിട്ട് ഒരു മാസമായിട്ടും ക്ലബ്ബില്‍ നിന്ന് യാതൊരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്നും സെറ്റിയന്‍ പറയുന്നു. സഹപരിശീലകരുടെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. ഇത് കരാര്‍ ലംഘനമാണെന്നും ഇക്കാരണത്താല്‍ നാല് ദശലക്ഷം യൂറോ ക്ലബ്ബ് നഷ്ടപരിഹാരമായി നല്‍കണമെന്നുമാണ് സെറ്റിയന്റെ ആവശ്യം.

മുന്‍ പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദെയെ പുറത്താക്കിയ ശേഷം ഈ വര്‍ഷം ജനുവരിയിലാണ് സെറ്റിയന്‍ ബാഴ്‌സയുടെ പരിശീലക സ്ഥാനത്തെത്തുന്നത്. സെറ്റിയന് കീഴില്‍ ഈ സീസണില്‍ 25 മത്സരങ്ങളാണ് ബാഴ്‌സ കളിച്ചത്. 16 എണ്ണത്തില്‍ ജയിച്ചപ്പോള്‍ അഞ്ചില്‍ തോറ്റു. നാലു മത്സരങ്ങള്‍ സമനിലയിലായി.

Content Highlights: Ex Barcelona coach Quique Setien suing Barcelona club over contract