ലണ്ടന്‍: ചുമതലയേറ്റ് പതിനെട്ട് മാസം തികയും മുന്‍പ് തന്നെ എവര്‍ട്ടണ്‍ പുതിയ പരിശീലകന്‍ മാര്‍ക്കോ സില്‍വയെ പുറത്താക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളിനോട് ദയനീയമായ തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്നാണ് ക്ലബ് മാനേജരെ പുറത്താക്കിയത്. രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്കായിരുന്നു എവര്‍ട്ടന്റെ തോല്‍വി. എവര്‍ട്ടന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയായിരുന്നു ഇത്.

പ്രീമിയര്‍ലീഗില്‍ പതിനഞ്ച് കളികളില്‍ നിന്ന് പതിനാല് പോയിന്റ് മാത്രമുള്ള എവര്‍ട്ടണ്‍ ഇപ്പോള്‍ പതിനെട്ടാം സ്ഥാനത്താണ്. നിലവില്‍ രണ്ടാം ഡിവിഷനിലേയ്ക്ക് തരംതാഴ്ത്തപ്പെട്ടേക്കാവുന്ന മൂന്ന് ടീമുകളില്‍ ഒന്നാണ് എവർട്ടൺ.

2018 മെയിലാണ് സില്‍വ മാനേജരായി ചുമതലയേറ്റത്. ഇതിനുശേഷം നടന്ന 60 മത്സരങ്ങളില്‍ ടീം 24 എണ്ണത്തില്‍ വീതം ജയിക്കുകയും തോല്‍ക്കുകയും ചെയ്തു.

കഴിയുന്നതും നേരത്തെ തന്നെ പുതിയ പരിശീലകനെ നിയമിക്കുമെന്നാണ് ക്ലബ് അറിയിച്ചത്. ചെല്‍സിക്കെതിരായ ലീഗിലെ അടുത്ത മത്സരത്തില്‍ ഡങ്കന്‍ ഫെര്‍ഗൂസനായിരിക്കും ടീമിന്റെ ചുമതല. 2016ല്‍ റോബര്‍ട്ടോ മാര്‍ട്ടിനെസിനെ പുറത്താക്കിയതിനുശേഷമുള്ള നാലാമത്തെ പരിശീലകനുവേണ്ടിയുള്ള തിരച്ചിലിലാണ് എവര്‍ട്ടണ്‍.

ഷാങ്കായ് എസ്‌ഐപിജി എഫ്.സിയുടെ പരിശീലകന്‍ വിറ്റര്‍ പെരേരയെയാണ് മാര്‍ക്കോ സില്‍വയുടെ പകരക്കാരനായി കണ്ടുവച്ചതെന്നാണ് റിപ്പോര്‍ട്ട്. മുന്‍ മാനേജര്‍ ഡേവിഡ് മോയെസിനെയും താത്കാലിക പരിശീലകനായി പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്. 

താത്കാലിക പരിശീലകനായി നിയമിച്ചേക്കുമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്. പതിനൊന്ന് വര്‍ഷം ടീമിനെ നയിച്ച ആളാണ് പിന്നീട് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായിരുന്ന മോയെസ്. എന്നാല്‍, ഇതിനെതിരേ ആരാധകരില്‍ നിന്ന് വലിയ എതിര്‍പ്പാണ് ഉയരുന്നത്.

ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താക്കപ്പെടുന്ന അഞ്ചാമത്തെ പരിശീലകനാണ് സില്‍വ. സാബി ഗ്രാഷ്യ (വാറ്റ്‌ഫോര്‍ഡ്), കിക്കെ സാഞ്ചസ് ഫ്‌ളോറസ് (വാറ്റ്‌ഫോര്‍ഡ്), മൗറിഷ്യോ പൊച്ചെിറ്റിനോ (ടോട്ടനം), ഉനൈ എമെറി (ആഴ്‌സണല്‍) എന്നിവയാണ് പുറത്തായ മറ്റ് പരിശീലകര്‍.

Content Higlights: Everton sack Marco Silva Engligh Premier League Football