ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ശക്തരായ മാഞ്ചെസ്റ്റര്‍ സിറ്റിയും എവര്‍ട്ടണും വിജയം രുചിച്ചപ്പോള്‍ ടോട്ടനം സമനിലയില്‍ കുരുങ്ങി.

താരതമ്യേന ദുര്‍ബലരായ ബ്രൈട്ടണെ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി കീഴടക്കിയത്. ടീമിനായി 44-ാം മിനിട്ടില്‍ ഫില്‍ ഫോഡന്‍ വിജയ ഗോള്‍ നേടി. ഈ വിജയത്തോടെ സിറ്റി 16 മത്സരങ്ങളില്‍ നിന്നും 32 പോയന്റുമായി പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. മാഞ്ചെസ്റ്റര്‍ യുണൈറ്റഡാണ് പട്ടികയില്‍ ഒന്നാമത്. 

എവര്‍ട്ടണ്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് വോള്‍വ്‌സിനേയാണ് കീഴടക്കിയത്. ആറാം മിനിട്ടില്‍ അലക്‌സ് ഇവോബി നേടിയ ഗോളില്‍ എവര്‍ട്ടണ്‍ ലീഡെടുത്തെങ്കിലും റൂബന്‍ നെവെസിലൂടെ വോള്‍സ് 14-ാം മിനിട്ടില്‍ സമനില ഗോള്‍ നേടി.  എന്നാല്‍ രണ്ടാം പകുതിയില്‍ 77-ാം മിനിട്ടില്‍ മൈക്കിള്‍ കീനിലൂടെ എവര്‍ട്ടണ്‍ വിജയഗോള്‍ നേടി. ഈ വിജയത്തോടെ ടീം പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. 

ഫുള്‍ഹാമിനോടാണ് ടോട്ടനം സമനില വഴങ്ങിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 25-ാം മിനിട്ടില്‍ ഹാരി കെയ്‌നിലൂടെ ടോട്ടനം മുന്നില്‍ കയറിയെങ്കിലും 74-ാം മിനിട്ടില്‍ കൈവലെയ്‌റോയുടെ ഗോളിലൂടെ ഫുള്‍ഹാം സമനില നേടി.  ഈ സമനിലയോടെ ടോട്ടനം പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണു. ഒരു ഘട്ടത്തില്‍ പട്ടികയില്‍ ഒന്നാമതായിരുന്നു ടോട്ടനം.

Content Highlights: Everton and Manchester City wins in English Premier League 2020-21