കാബൂള്‍: അഫ്ഗാനിസ്താനില്‍ നിന്ന് നൂറോളം ഫുട്‌ബോള്‍ താരങ്ങളെ ഖത്തറിലെത്തിച്ച് ഫിഫ. താലിബാനുമായി നടന്ന സങ്കീര്‍ണമായ ചര്‍ച്ചകള്‍ക്ക് ശേഷം വനിതാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഫിഫ ഖത്തറിലെത്തിച്ചത്. കാബൂളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ താരങ്ങള്‍ ദോഹയിലെത്തി.

താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്താനില്‍ ഫുട്‌ബോള്‍ താരങ്ങളുടെ ഭാവി അനിശ്ചിത്വത്തിലായതോടെയാണ് ഫിഫയുടെ ഇടപെടല്‍. ഈ വര്‍ഷം ഓഗസ്റ്റില്‍ അഫ്ഗാനിസ്താന്റെ ഭരണം പിടിച്ചെടുത്ത താലിബാന്‍ വനിതാ താരങ്ങള്‍ ഫുട്‌ബോള്‍ കളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. 

കഴിഞ്ഞ സെപ്റ്റംബറില്‍ അഫ്ഗാനിസ്താനിലെ പെണ്‍കുട്ടികളുടെ ദേശീയ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ പാകിസ്താനിലേക്ക് പലായനം ചെയ്തിരുന്നു. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലെ തോര്‍ഖം പാതയിലൂടെയാണ് ഇവര്‍ പാകിസ്താനിലെത്തിയത്. ടീമിലെ എല്ലാവര്‍ക്കും അഭയാര്‍ഥികള്‍ക്കുള്ള അടിയന്തര വീസ പാകിസ്താന്‍ അനുവദിക്കുകയായിരുന്നു.

Content Highlights: Evacuated over 100 football family members from Afghanistan FIFA