ലണ്ടന്‍: യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്‍മാറിയ ടീമുകളെ കാത്തിരിക്കുന്നത് കനത്ത പിഴ. ഏതാണ്ട് ആയിരം കോടിയോളം രൂപയാണ് കരാര്‍പ്രകാരം ഓരോ ടീമിനും പിഴയായി നല്‍കേണ്ടി വരിക. സൂപ്പര്‍ ലീഗിലെ കരാറിന്റെ ചില ഭാഗങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിലാണ് പിന്‍മാറുന്ന ക്ലബ്ബുകളുടെ പിഴ വ്യക്തമാക്കുന്നത്.

യൂറോപ്പിലെ 12 വമ്പന്‍ ക്ലബ്ബുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ ലീഗില്‍ ഇപ്പോള്‍ റയല്‍മഡ്രിഡ്, എഫ്.സി. ബാഴ്സലോണ, യുവന്റസ് ക്ലബ്ബുകളാണ് അവശേഷിക്കുന്നത്. ആറ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളും രണ്ട് ഇറ്റാലിയന്‍ ക്ലബ്ബുകളും ഒരു സ്പാനിഷ് ക്ലബ്ബും പിന്‍മാറിയിരുന്നു. 

ആരാധക രോഷവും ഫിഫയും യുവേഫയും വിലക്ക് അടക്കമുള്ള ഭീഷണിയുമായി രംഗത്തുവന്നതുമാണ് പിന്‍മാറ്റത്തിന് കാരണം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുള്ള ക്ലബ്ബുകള്‍ക്ക് കനത്ത പിഴ വലിയ തിരിച്ചടിയാകും.

ലീഗില്‍നിന്ന് റയലും ബാഴ്സയും പിന്‍മാറാത്തതിന്റെ കാരണവും പിഴത്തുകയുടെ വലിപ്പമാണ്. റയലും ബാഴ്സയും മറ്റ് ക്ലബ്ബുകളെക്കാള്‍ കൂടുതല്‍ പിഴസംഖ്യ അടയ്‌ക്കേണ്ടിവരുമെന്നാണ് പുറത്തുവരുന്ന വിവരം. ഇരു ക്ലബ്ബുകള്‍ക്കും ലീഗില്‍നിന്ന് കൂടുതല്‍ ആനുകൂല്യം ലഭിക്കാനുള്ള വ്യവസ്ഥകളുണ്ട്. അതുകൊണ്ടുതന്നെ പിന്‍മാറുമ്പോള്‍ പിഴത്തുകയും കൂടും.

വിലക്കുഭീഷണിയില്‍ റയലും ബാഴ്സയും

റോം: സൂപ്പര്‍ ലീഗില്‍നിന്ന് പിന്‍മാറിയില്ലെങ്കില്‍ ചാമ്പ്യന്‍സ് ലീഗില്‍നിന്ന് റയല്‍ മഡ്രിഡിനെയും ബാഴ്സലോണയെയും വിലക്കുമെന്ന് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫറിന്‍ വ്യക്തമാക്കി.

ഒന്നുകില്‍ സൂപ്പര്‍ ലീഗില്‍ നില്‍ക്കുക, അല്ലെങ്കില്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുക. ഇതിലേതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാന്‍ സെഫറിന്‍ ക്ലബ്ബുകളോട് ആവശ്യപ്പെട്ടു. ലീഗിനുള്ള പിന്തുണ കഴിഞ്ഞ ദിവസം ബാഴ്സ പ്രസിഡന്റ് ജോഹാന്‍ ലാപോര്‍ട്ട ആവര്‍ത്തിച്ചിരുന്നു.

Content Highlights: European Super League Rebels Face Mammoth Fine For Backing Out