ലണ്ടന്‍: സ്റ്റാര്‍ട്ടിങ് വിസില്‍ മുഴങ്ങുംമുമ്പെ യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന് തിരശ്ശീല വീഴുന്നു. ആരാധകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സൂപ്പര്‍ ലീഗില്‍ നിന്ന് ആറു ഇംഗ്ലീഷ് ക്ലബ്ബുകള്‍ പിന്മാറി. മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി, ടോട്ടന്‍ഹാം, ആഴ്‌സണല്‍ ക്ലബ്ബുകളാണ് പിന്മാറുന്നതായി ബുധനാഴ്ച്ച വ്യക്തമാക്കിയത്. ഇതിനായുള്ള നിയമനടപടികള്‍ ക്ലബ്ബുകള്‍ ആരംഭിച്ചു.

ഇതോടെ സൂപ്പര്‍ ലീഗ് തത്കാലം നടത്തുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് സൂപ്പര്‍ ലീഗ് തിരിച്ചുവരുമെന്നും അധികൃതര്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 

ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്ക് പിന്നാലെ ഇറ്റാലിയന്‍ ക്ലബ്ബുകളായ എസി മിലാനും ഇന്റര്‍മിലാനും പിന്മാറുകയാണെന്ന് അറിയിച്ചു. ഇതോടെ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസും സ്പാനിഷ് ക്ലബ്ബുകളായ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവര്‍ മാത്രമാണ് ശേഷിക്കുന്നത്. 

ഫിഫയും യുവേഫയുമടക്കമുള്ള ഫുട്‌ബോള്‍ അസോസിയേഷനുകള്‍ നേരത്തെ തന്നെ സൂപ്പര്‍ ലീഗിന് എതിരേ രംഗത്തെത്തിയിരുന്നു. ലീഗില്‍ കളിക്കുന്ന ടീമുകളെ വിലക്കുമെന്ന് അസോസിയേഷനുകള്‍ പ്രഖ്യാപിച്ചിരുന്നു. ലീഗില്‍ കളിക്കുന്ന താരങ്ങളെ ദേശീയ ടീമില്‍ നിന്ന് വിലക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂപ്പര്‍ ലീഗിനെ അംഗീകരിച്ചാല്‍ ചാമ്പ്യന്‍സ് ലീഗിനെ ബാധിക്കുമോ എന്ന ആശങ്കയും ആരാധകര്‍ പങ്കുവെച്ചിരുന്നു. 

സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ പ്രസിഡന്റ് ഫ്‌ളോറന്റീനൊ പെരസ് ആണ് സൂപ്പര്‍ ലീഗിന്റെ ചെയര്‍മാന്‍. 15 സ്ഥാപക ക്ലബ്ബുകളേയും യോഗ്യതാ റൗണ്ട് വഴിയെത്തുന്ന അഞ്ച് സൂപ്പര്‍ ക്ലബ്ബുകളേയും കൂട്ടിച്ചേര്‍ത്താണ് സൂപ്പര്‍ ലീഗ് സംഘടിപ്പിക്കാന്‍ ഒരുങ്ങിയിരുന്നത്. ഹോം ആന്റ് എവേ രീതിയില്‍ മത്സരങ്ങള്‍ നടത്താനും തീരുമാനമായിരുന്നു.

Content Highlights: European Super League Project suspended after Premier League clubs exit