ലണ്ടന്‍: എതിര്‍പ്പുകളെയും വിലക്കുകളെയും മറികടന്ന് യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ടൂര്‍ണമെന്റ് ആരംഭിക്കുമെന്ന് യൂറോപ്പിലെ 12 വമ്പന്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ പ്രഖ്യാപിച്ചു. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് പ്രഖ്യാപനം. സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്റെ പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസാണ് സൂപ്പര്‍ ലീഗിന്റെ ചെയര്‍മാന്‍. ആഗോള ഫുട്‌ബോള്‍ സംഘടന(ഫിഫ)യും യുവേഫയും യൂറോപ്പിലെ പ്രധാന ഫുട്‌ബോള്‍ അസോസിയേഷനുകളും സൂപ്പര്‍ ലീഗിനെതിരേ രംഗത്തുവന്നതോടെ ക്ലബ്ബ് ഫുട്‌ബോള്‍ ലോകം രണ്ടു തട്ടിലായി. സൂപ്പര്‍ ലീഗിനെ അംഗീകരിച്ചാല്‍ ചാമ്പ്യന്‍സ് ലീഗിന് മരണമണി മുഴങ്ങുമെന്ന ആശങ്കയുണ്ട്.

ഇംഗ്ലണ്ടില്‍നിന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി, മാഞ്ചെസ്റ്റര്‍ സിറ്റി, ആഴ്‌സനല്‍, ടോട്ടനം ടീമുകളാണ് സൂപ്പര്‍ ലീഗിനൊപ്പമുള്ളത്. സ്‌പെയിനില്‍നിന്ന് റയല്‍ മഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മഡ്രിഡ് ടീമുകളും ഇറ്റാലിയന്‍ സീരി എയില്‍ നിന്ന് യുവന്റസ്, എ.സി. മിലാന്‍, ഇന്റര്‍മിലാന്‍ ടീമുകളും ലീഗിലുണ്ട്.

ജര്‍മന്‍ ബുണ്ടസ് ലിഗ, ഫ്രഞ്ച് വണ്‍ ക്ലബ്ബുകള്‍ ഇല്ല. എന്നാല്‍ മൂന്ന് ക്ലബ്ബുകള്‍കൂടി ലീഗില്‍ ചേരുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അടുത്തവര്‍ഷം ഓഗസ്റ്റില്‍ ലീഗ് ആരംഭിക്കാനാണ് പദ്ധതി.

ഫിഫ, യുവേഫ, ഫുട്‌ബോള്‍ അസോസിയേഷനുകള്‍ എന്നിവ എതിരായതിനാല്‍ ലീഗിനു മുന്നില്‍ കടുത്ത വെല്ലുവിളിയുണ്ട്. ലീഗില്‍ കളിക്കുന്ന ടീമുകളെ വിലക്കുമെന്ന് യുവേഫയും അസോസിയേഷനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കടുത്ത നടപടി സ്വീകരിക്കുമെന്ന് ഫിഫയും വ്യക്തമാക്കി. ലീഗില്‍ കളിക്കുന്ന ക്ലബ്ബുകളിലെ താരങ്ങള്‍ക്ക് ദേശീയ ടീമില്‍ കളിക്കാനും വിലക്ക് വന്നേക്കും. ലീഗുമായി ക്ലബ്ബുകളും വിലക്കുമായി അസോസിയേഷനുകളും മുന്നോട്ടുപോയാല്‍ ക്ലബ്ബ് ഫുട്‌ബോളില്‍ വലിയ പ്രത്യാഘാതം ഉണ്ടാകും. ക്ലബ്ബുകളുടെ ആരാധകരും രാഷ്ട്രീയ നേതൃത്വങ്ങളും മുന്‍താരങ്ങളും ലീഗിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

15 സ്ഥാപക ക്ലബ്ബുകളും യോഗ്യതാ റൗണ്ട് വഴി വരുന്ന അഞ്ച് ക്ലബ്ബുകളും സൂപ്പര്‍ ലീഗിലുണ്ടാകും. പത്ത് ടീമുകള്‍ ഓരോ ഗ്രൂപ്പിലുമായി ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ കളിക്കും. ഓരോ ഗ്രൂപ്പിലേയും ആദ്യ മൂന്ന് ടീമുകള്‍ ക്വാര്‍ട്ടറിലെത്തും. നാലും അഞ്ചും സ്ഥാനത്തെത്തുന്ന ടീമുകള്‍ പ്ലേ ഓഫില്‍ കളിക്കും. വിജയിക്കുന്ന ടീമുകള്‍ ക്വാര്‍ട്ടറിലെത്തും. സെമിഫൈനല്‍ ഇരുപാദങ്ങളിലായി നടക്കും.

ഏതാണ്ട് 38,000 കോടിരൂപയാണ് സൂപ്പര്‍ ലീഗിനായി അമേരിക്കന്‍ ധനകാര്യസ്ഥാപനമായ ജി.പി. മോര്‍ഗന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതില്‍ 26,000 കോടിയോളം രൂപ സ്ഥാപക ക്ലബ്ബുകള്‍ക്ക് അടിസ്ഥാന സൗകര്യവികസനത്തിനും കോവിഡ്19 സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുമായി ലഭിക്കും.

Content Highlights: European Super League Football UEFA FIFA