ലണ്ടന്‍: യൂറോപ്പിലെ മൂന്ന് ഫുട്ബോള്‍ ലീഗുകളിലായി മൂന്ന് സൂപ്പര്‍താരങ്ങളുടെ ഇരട്ടഗോള്‍ നേട്ടം കണ്ടു. ഇറ്റാലിയന്‍ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പ്രീമിയര്‍ ലീഗില്‍ കെവിന്‍ ഡിബ്രുയ്ന്‍, ഫ്രഞ്ച് ലീഗില്‍ കൈലിയന്‍ എംബാപ്പെ എന്നിവരാണ് ഇരട്ടഗോളോടെ തിളങ്ങിയത്.

കളം നിറഞ്ഞ് കെവിന്‍

ലണ്ടന്‍: കെവിന്‍ ഡിബ്രുയ്ന്റെ ഇരട്ടഗോള്‍ മികവില്‍ വമ്പന്‍ പോരാട്ടം ജയിച്ച് മാഞ്ചെസ്റ്റര്‍ സിറ്റി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സിറ്റി ആഴ്സനലിനെ മറികടന്നു (3-0).

കളം നിറഞ്ഞുകളിക്കുകയും ഇരട്ടഗോള്‍ നേടുകയുംചെയ്ത കെവിന്‍ ഡിബ്രുയ്നാണ് സിറ്റിയുടെ വിജയശില്പി. രണ്ട്, 40 മിനിറ്റുകളിലാണ് ബെല്‍ജിയം സൂപ്പര്‍താരം സ്‌കോര്‍ ചെയ്തത്. റഹീം സ്റ്റര്‍ലിങ്ങും (15) ലക്ഷ്യം കണ്ടു.

തുടര്‍ച്ചയായ 20 ലീഗ് മത്സരത്തിലും സിറ്റി ഗോള്‍ നേടി. ഇതോടെ 2015 -ല്‍ സ്ഥാപിച്ച റെക്കോഡിനൊപ്പമെത്തി. 17 കളിയില്‍നിന്ന് 35 പോയന്റുമായി മൂന്നാംസ്ഥാനത്താണ് സിറ്റി. ലിവര്‍പൂള്‍ (49), ലെസ്റ്റര്‍ സിറ്റി (39) എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 22 പോയന്റുള്ള ആഴ്സനല്‍ ഒമ്പതാമതാണ്.

റെക്കോഡ് ക്രിസ്റ്റ്യാനോ

റോം: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ മികവില്‍ യുവന്റസ് യുഡിനെസിനെ കീഴടക്കി (3-1). ഒമ്പത്, 37 മിനിറ്റുകളിലാണ് ക്രിസ്റ്റ്യാനോ എതിര്‍വല ചലിപ്പിച്ചത്. ലിയനാര്‍ഡോ ബനൂച്ചിയും (45) ഗോള്‍ നേടി. യുഡിനെസിന്റെ ഗോള്‍ ഇഗ്‌നാഷിയോ പുസെറ്റോ (90+4) നേടി.

സീസണില്‍ യുവന്റസിനായുള്ള ഗോള്‍നേട്ടം 11 ആയതോടെ ക്രിസ്റ്റ്യാനോയുടെ കരിയറില്‍ മറ്റൊരു റെക്കോഡുകൂടി സ്വന്തമായി. യൂറോപ്പിലെ അഞ്ച് പ്രമുഖ ലീഗുകളില്‍, അവസാന 15 സീസണുകളിലും പത്തോ അതിലധികമോ ഗോള്‍നേടുന്ന ഏകതാരമെന്ന നേട്ടമാണ് കൈവന്നത്.

ലീഗിലെ മറ്റൊരുകളിയില്‍ ഇന്റര്‍മിലാനെ ഫിയോറെന്റീന തളച്ചു (11). ഫിയോറെന്റീനയ്ക്കായി ദുസാന്‍ വ്‌ളാഹോവിക്കും ഇന്ററിനായി ബോറിയ വലേറോയും സ്‌കോര്‍ ചെയ്തു. 16 കളിയില്‍നിന്ന് ഇന്ററിനും യുവന്റസിനും 39 പോയന്റ് വീതമായി. ഗോള്‍നിലയില്‍ ഇന്ററാണ് ഒന്നാം സ്ഥാനത്ത്.

അമ്പോ എംബാപ്പെ

പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ എതിരില്ലാത്ത നാല് ഗോളിന് പി.എസ്.ജി. ജയിച്ചപ്പോള്‍ താരമായത് ഇരട്ടഗോള്‍ നേടിയ കൈലിയന്‍ എംബാപ്പെ. സെയ്ന്റ് എറ്റീനെയാണ് കീഴടക്കിയത്. ഫ്രഞ്ച് യുവതാരം 43, 89 മിനിറ്റുകളില്‍ ലക്ഷ്യം കണ്ടു.

ലിയനാര്‍ഡോ പാരെഡസ് (ഒമ്പത്), മൗറ ഇക്കാര്‍ഡി (72) എന്നിവരും പി.എസ്.ജി.ക്കായി ഗോള്‍ നേടി. 17 കളിയില്‍നിന്ന് 42 പോയന്റുമായി പി.എസ്.ജി. ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

Content Highlights: European Leagues Cristiano Ronaldo Kevin De Bruyne Kylian Mbappe