യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളില്‍ പരമ്പരാഗതസമവാക്യങ്ങള്‍ പലതും മാറിമറിയുമെന്ന സൂചനയാണ് സീസണിന്റെ തുടക്കം നല്‍കുന്നത്. അഞ്ച് വമ്പന്‍ ലീഗുകളിലും കടുത്തപോരാട്ടമാണ് നടക്കുന്നത്. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനൊഴികെ മറ്റൊരു ലീഗിലും ഒന്നാം സ്ഥാനക്കാര്‍ക്ക് മികച്ച ലീഡ് നേടാന്‍ കഴിഞ്ഞിട്ടില്ല. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, എ.സി മിലാന്‍, ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡ്, ഒളിമ്പിക് ലിയോണ്‍ ടീമുകള്‍ പ്രതിസന്ധി നേരിടുകയും ചെയ്യുന്നു 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്

ഒന്നാംസ്ഥാനം- ലിവര്‍പൂള്‍ 8 കളി 24 പോയന്റ്
ടോപ് സ്‌കോറര്‍- സെര്‍ജി അഗ്യൂറോ (മാഞ്ചെസ്റ്റര്‍ സിറ്റി), ടാമി അബ്രഹാം (ചെല്‍സി)- 8 ഗോള്‍

സ്ഥിരതയോടെ മുന്നേറുന്ന ലിവര്‍പൂള്‍, മാഞ്ചെസ്റ്റര്‍ ടീമുകളുടെ പതര്‍ച്ച എന്നിവയാണ് ലീഗിലെ പ്രധാന സംഭവങ്ങള്‍. ഒപ്പം യുവനിരയുടെ കരുത്തില്‍ ഫ്രാങ്ക് ലാംപാര്‍ഡിന്റെ ചെല്‍സിയുടെ തിരിച്ചുവരവും.

എട്ട് കളിയില്‍ എട്ടും ജയിച്ചാണ് ലിവര്‍പൂള്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്. അവസാന അഞ്ച് കളിയില്‍ രണ്ട് തോല്‍വി ഏറ്റുവാങ്ങിയ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് 16 പോയന്റാണുള്ളത്. എട്ട് പോയന്റിന് ലിവര്‍പൂളിന് പിന്നിലായതോടെ കിരീടപോരാട്ടത്തിലേക്ക് തിരിച്ചുവരാന്‍ പെപ്പ് ഗാര്‍ഡിയോളക്കും സംഘത്തിനും ഏറെ കഷ്ടപ്പെടേണ്ടിവരും.

രണ്ട് കളി മാത്രം ജയിച്ച മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഒമ്പത് പോയന്റുമായി 12-ാം സ്ഥാനത്താണ്. പരിശീലകന്‍ ഒലെ ഗുണാര്‍ സോള്‍ഷേറുടെ നിലനില്‍പ്പ് ഭീഷണിയിലായിട്ടുണ്ട്. അവസാന കളിയില്‍ അവര്‍ ന്യൂകാസിലിനോട് 1-0ത്തിന് തോറ്റു. എട്ടാം റൗണ്ടില്‍ ബേണ്‍മത്തിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ആഴ്സനല്‍ 15 പോയന്റോടെ മൂന്നാം സ്ഥാനത്തേക്ക് കയറി. സതാംപ്ടണിനെ 4-1 ന് തോല്‍പ്പിച്ച ചെല്‍സി (14) അഞ്ചാം സ്ഥാനത്താണ്. അവസാന അഞ്ച് കളിയില്‍ രണ്ട് തോല്‍വിയും ഒരു സമനിലയും വഴങ്ങിയ ടോട്ടനം (11) ഒമ്പതാം സ്ഥാനത്താണ്. ലെസ്റ്റര്‍ സിറ്റിയാണ് നാലാമത്.

ലാ ലിഗ

ഒന്നാം സ്ഥാനം-റയല്‍ മഡ്രിഡ് 8 കളി 18 പോയന്റ്
ടോപ് സ്‌കോറര്‍: ജെറാര്‍ഡ് മൊറെനോ (വിയ്യറയല്‍) കരീം ബെന്‍സമ (റയല്‍) ലോറന്‍സോ ഗാര്‍ഷ്യ (റയല്‍ ബെറ്റിസ്)- 6 ഗോള്‍

മെസ്സി ഫ്രീകിക്കിലൂടെ ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ സെവിയയെ 4-0ത്തിന് തോല്‍പ്പിച്ച് ബാഴ്സലോണ സ്പാനിഷ് ലാലിഗയില്‍ റയല്‍ മഡ്രിഡിന് വെല്ലുവിളി ഉയര്‍ത്തുന്നു. ലൂയി സുവരാസ്, അര്‍ട്ടുറോ വിദാല്‍, ഒസ്മാനെ ഡെംബലെ എന്നിവരും ഗോള്‍ നേടി.

എട്ട് റൗണ്ട് കഴിഞ്ഞപ്പോള്‍ റയല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 16 പോയന്റുമായി ബാഴ്സ രണ്ടാമതും. റയല്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല. ബാഴ്സ രണ്ട് മത്സരങ്ങളില്‍ കീഴടങ്ങി. 15 പോയന്റുള്ള അത്ലറ്റിക്കോ മഡ്രിഡാണ് മൂന്നാമത്. 14 പോയന്റുമായി നാലാം സ്ഥാനത്തുള്ള ഗ്രനാഡയാണ് അപ്രതീക്ഷിത കുതിപ്പ് നടത്തുന്ന ടീം.

ബുണ്ടസ് ലിഗ

ഒന്നാംസ്ഥാനം: മൊണ്‍ചെന്‍ഗ്ലാഡ്ബാക്ക് 7 കളി 16 പോയന്റ്
ടോപ് സ്‌കോറര്‍; റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കി (ബയേണ്‍)- 11 ഗോള്‍

അവസാന കളിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക് ഹോഫന്‍ഹെയിമിനോട് തോറ്റതോടെ ജര്‍മന്‍ ബുണ്ടസ് ലിഗ അട്ടിമറിഞ്ഞു. ബൊറൂസ്സിയ മൊണ്‍ചെന്‍ഗ്ലാഡ്ബാക്കാണ് ലീഗില്‍ ഒന്നാമത്. ഏഴ് കളിയില്‍നിന്ന് 15 പോയന്റുള്ള വോള്‍സ്ബര്‍ഗ് രണ്ടാമതുണ്ട്. ബയേണ്‍, ഫ്രെയ്ബര്‍ഗ്, ലെയ്പ്സിഗ്, ഷാല്‍ക്കെ, ലേവര്‍ക്യൂസന്‍ ടീമുകള്‍ക്ക് 14 പോയന്റുണ്ട്.

അവസാന മൂന്ന് കളികളിലും സമനില വഴങ്ങിയ ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡ് 12 പോയന്റുമായി എട്ടാം സ്ഥാനത്താണ്.

സീരി എ

ഒന്നാം സ്ഥാനം: യുവന്റസ് 7 കളി 19 പോയന്റ്
ടോപ് സ്‌കോറര്‍: സിറോ ഇമ്മൊബെയ്ല്‍ (ലാസിയോ)- 7 ഗോള്‍

കരുത്തരുടെ പോരാട്ടത്തില്‍ ഇന്റര്‍മിലാനെ 1-2 കീഴടക്കി യുവന്റസ് ഇറ്റാലിയന്‍ സീരി എ യില്‍ മുന്നിലെത്തി. പൗലോ ഡിബാല, ഗോണ്‍സാലോ ഹിഗ്വയ്ന്‍ എന്നിവര്‍ യുവന്റസിനായും ലൗട്ടാറോ മാര്‍ട്ടിനെസ് ഇന്ററിനായും സ്‌കോര്‍ ചെയ്തു.

ഏഴില്‍ ആറ് കളിയും ജയിച്ചാണ് യുവന്റസ് മുന്നില്‍ നില്‍ക്കുന്നത്. ഒരു കളി മാത്രം തോറ്റ ഇന്റര്‍ 18 പോയന്റുമായി ഒപ്പമുണ്ട്. 16 പോയന്റുള്ള അറ്റ്ലാന്റയാണ് മൂന്നാമത്. നാപ്പോളി (13) നാലാമതും. ഒമ്പത് പോയന്റുള്ള എ.സി. മിലാന്‍ 13-ാം സ്ഥാനത്താണ്.

ലീഗ് വണ്‍

ഒന്നാം സ്ഥാനം: പി.എസ്.ജി. 9 കളി 21 പോയന്റ്
ടോപ് സ്‌കോറര്‍; വിക്ടര്‍ ഒസിമെന്‍ (ലില്‍)- 7 ഗോള്‍

ഫ്രഞ്ച് ലീഗ് വണ്ണില്‍ പി.എസ്.ജി.ക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ഒമ്പത് റൗണ്ട് പിന്നിട്ടപ്പോള്‍ രണ്ട് തോല്‍വി നേരിട്ടു. എന്നാലും ടീം ഒന്നാംസ്ഥാനം വിട്ടുകൊടുത്തിട്ടില്ല. നാന്ത് 19 പോയന്റുമായി രണ്ടാം സ്ഥാനത്തും ആംഗേഴ്സ് (16) മൂന്നാമതുമാണ്. ഒമ്പത് പോയന്റുള്ള ലിയോണ്‍ 14-ാമതാണ്.

Content Highlights: European Club Football Liverpool Chelsea