യൂറോപ്പിലെ ഗോള്‍വേട്ടക്കാരനാവാന്‍ പൊരിഞ്ഞ പോരാട്ടം. ഇറ്റാലിയന്‍ സീരി എ ഫുട്ബോളില്‍ യുവെന്റസിനും ലാസിയോക്കും ബാക്കിയുള്ള മൂന്നു മത്സരങ്ങളാകും യുവേഫ ഗോള്‍ഡന്‍ ബൂട്ടിന്റെ അവകാശിയെ തീരുമാനിക്കുന്നത്. മത്സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള രണ്ടു താരങ്ങള്‍ ഈ ക്ലബ്ബുകളില്‍നിന്നാണ്.

34 ഗോളും 68 പോയന്റുമായി ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കിയാണ് ഒന്നാം സ്ഥാനത്ത്. ലാസിയോയുടെ ഇറ്റാലിയന്‍ താരം സിറോ ഇമ്മൊബൈല്‍ 31 ഗോളുകളും യുവെന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 30 ഗോളുകളും സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇരുതാരങ്ങള്‍ക്കും മൂന്നു വീതം മത്സരങ്ങള്‍ ബാക്കിയുള്ളതാണ് ഗോള്‍ഡന്‍ ബൂട്ട് പോരീന് വീര്യം കൂട്ടുന്നത്.

തിമോ വെര്‍ണര്‍ (റെഡ്ബുള്‍ ലെയ്പ്സിഗ്-28), ലയണല്‍ മെസ്സി (ബാഴ്സലോണ-25), എര്‍ലിങ് ഹാളണ്ട് (ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡ്/ റെഡ്ബുള്‍ സാല്‍സ്ബര്‍ഗ്-29), ജെയ്മി വാര്‍ഡി (ലെസ്റ്റര്‍ സിറ്റി-23), ഷോണ്‍ വെയ്സ്മാന്‍ (വോള്‍ഫ്സ്ബര്‍ഗര്‍-30), കരീം ബെന്‍സേമ (റയല്‍ മഡ്രിഡ്-21), റൊമേലു ലുക്കാക്കു (ഇന്റര്‍മിലാന്‍-21) എന്നിവരാണ് നാലുമുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍.

ഇതില്‍ എര്‍ലിങ് ഹാളണ്ടിനും വെയ്സ്മാനും ഗോള്‍ കൂടുതലുണ്ടെങ്കിലും പോയന്റ് കുറവാണ്. യൂറോപ്പിലെ പ്രമുഖ ലീഗുകളിലെ ഗോളുകള്‍ക്ക് രണ്ടു പോയന്റും ബാക്കി ലീഗുകളിലെ ഗോളുകള്‍ക്ക് ഒന്നര പോയന്റുമാണുള്ളത്. ഹാളണ്ടിന്റെ ബുണ്ടസ് ലിഗ ഗോളുകള്‍ക്ക് രണ്ടു പോയന്റ് ലഭിക്കുമ്പോള്‍ ഒസ്ട്രിന്‍ ക്ലബ്ബ് സാല്‍സ് ബര്‍ഗിനായി നേടിയ ഗോളുകള്‍ക്ക് ഒന്നര പോയന്റാണ്. ഓസ്ട്രിയന്‍ ലീഗില്‍ കളിക്കുന്ന വെയ്സ്മാന്റെ ഗോളിന് ഒന്നര പോയന്റാണുള്ളത്. 30 ഗോള്‍ നേടിയിട്ടും 45 പോയന്റാണ് താരത്തിനുള്ളത്. അതേസമയം, 31 ഗോളുകള്‍ നേടിയ ഇമ്മൊബൈലിന് 62 പോയന്റും 30 ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോക്ക് 60 പോയന്റുമുണ്ട്.

Content Highlights: Europe's top scorer Ciro Immobile and Ronaldo on the race with robert lewandowski