​ലണ്ടന്‍: യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോളില്‍ പോര്‍ച്ചുഗല്‍, ബെല്‍ജിയം ടീമുകള്‍ക്ക് ജയം. ഇംഗ്ലണ്ട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയപ്പോള്‍ ഇറ്റലിക്ക് സമനില.

കോവിഡ് രോഗബാധമൂലം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കാതിരുന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ സ്വീഡനെ 3-0 എന്ന സ്‌കോറിന് തകര്‍ത്തു. ഡീഗോ ജോട്ട ഇരട്ടഗോള്‍ നേടി. ബെര്‍ണാഡ് സില്‍വയും സ്‌കോര്‍ ചെയ്തു. 

ഗ്രൂപ്പ് രണ്ടില്‍ ഡെന്‍മാര്‍ക്കിനോടാണ് ഇംഗ്ലണ്ട് കീഴടങ്ങിയത് 1-0. പെനാല്‍ട്ടിയില്‍നിന്ന് ക്രിസ്റ്റ്യന്‍ എറിക്‌സന്‍ വിജയഗോള്‍ നേടി. ഹാരി മഗ്വയറും റീസെ ജെയിംസും ചുവപ്പുകാര്‍ഡ് കണ്ടത് ഇംഗ്ലണ്ടിന് പ്രഹരമായി. കഴിഞ്ഞ മത്സരത്തില്‍ ബെല്‍ജിയത്തെ തോല്‍പ്പിച്ച ഇംഗ്ലണ്ടിന് ഈ മത്സരത്തില്‍ ആ ഫോം കണ്ടെത്താനായില്ല.

ഗ്രൂപ്പിലെ മറ്റൊരുകളിയില്‍ ബെല്‍ജിയം 2-1 ന് ഐസ്‌ലന്‍ഡിനെ തോല്‍പ്പിച്ചു. റൊമേലു ലുക്കാക്കു ബെല്‍ജിയത്തിനായി ഇരട്ടഗോള്‍ നേടി. ബിര്‍കിര്‍ സ്വവാര്‍സണ്‍ ഐസ്‌ലന്‍ഡിനായി സ്‌കോര്‍ ചെയ്തു.

കരുത്തരുടെ പോരാട്ടത്തില്‍ ഇറ്റലിയും ഹോളണ്ടും ഓരോ ഗോളടിച്ച് തുല്യതയില്‍ പിരിഞ്ഞു. ഡച്ച് ടീമിനായി ഡോണി വാന്‍ ബീക്കും ഇറ്റലിക്കായി ലോറന്‍സോ പെല്ലഗ്രീനിയും ഗോള്‍ നേടി.

Content Highlights: Europe Nations League group stage matches 2020