കോളോണ്‍ (ജര്‍മനി): ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ഇറ്റാലിയന്‍ ടീം ഇന്റര്‍ മിലാനും യൂറോപ്പ ലീഗ് സെമിയില്‍. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് ഡാനിഷ് ക്ലബ്ബ് എഫ്.സി കോപ്പന്‍ഹേഗനെ തോല്‍പ്പിച്ചപ്പോള്‍ ഇന്റര്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ജര്‍മന്‍ ക്ലബ്ബ് ബയേര്‍ ലെവര്‍ക്യൂസനെ മറികടന്നു.

അധികസമയത്തേക്കു നീണ്ട മത്സരത്തില്‍ എഫ്.സി കോപ്പന്‍ഹേഗനെതിരേ അധികസമയത്തിന്റെ അഞ്ചാം മിനിറ്റിലെ പെനാല്‍റ്റി ഗോളാണ് യുണൈറ്റഡിനെ രക്ഷിച്ചത്. ആന്തണി മാര്‍ഷ്യലിനെ കോപ്പന്‍ഹേഗന്‍ താരം ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത പോര്‍ച്ചുഗീസ് താരം ബ്രൂണോ ഫെര്‍ണാണ്ടസിന് പിഴച്ചില്ല. പന്ത് വലയില്‍, യുണൈറ്റഡ് സെമിയിലും. 

കോപ്പന്‍ഹേഗന്‍ ഗോള്‍കീപ്പര്‍ കാള്‍ ജൊഹാന്‍ ജോണ്‍സണ്‍ മികച്ച പ്രകടനമാണ് മത്സരത്തില്‍ പുറത്തെടുത്തത്. ഫെര്‍ണാണ്ടസിന്റെയും യുവാന്‍ മാറ്റയുടെയും ഗോള്‍ ശ്രമങ്ങള്‍ പരാജയപ്പെടുത്താന്‍ ജോണ്‍സണ് സാധിച്ചു. ജോണ്‍സന്റെ തകര്‍പ്പന്‍ പ്രകടനമാണ് മത്സരം അധികസമയത്തേക്ക് നീട്ടിയത്. മത്സരത്തില്‍ ഉടനീളം പത്തിലേറെ സേവുകളാണ് ജോണ്‍സണ്‍ നടത്തിയത്. ഇതിനിടെ 57-ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡായി.

Europa League Manchester United into semis Inter Milan beats Leverkusen

ലെവര്‍ക്യൂസനെ വീഴ്ത്തി ഇന്റര്‍

ബയേര്‍ ലെവര്‍ക്യുസനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മറികടന്നാണ് ഇന്റര്‍ മിലാന്‍ യൂറോപ്പ ലീഗ് സെമിയിലേക്ക് മുന്നേറിയത്. 15-ാം മിനിറ്റില്‍ നിക്കോളോ ബാരെല്ലയും 21-ാം മിനിറ്റില്‍ റൊമേലു ലുക്കാക്കുവുമാണ് ഇന്ററിനായി ഗോളുകള്‍ നേടിയത്. തുടര്‍ച്ചയായ ഒമ്പതാം യൂറോപ്പ ലീഗ് മത്സരത്തിലാണ് ലുക്കാക്കു ഗോള്‍ നേടുന്നത്. 24-ാം മിനിറ്റില്‍ കെയ് ഹാവേര്‍ട്സിലൂടെ ലെവര്‍ക്യൂസന്‍ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും പിന്നീട് മത്സരത്തില്‍ ഗോളുകളൊന്നും പിറന്നില്ല.

Content Highlights: Europa League Manchester United into semis Inter Milan beats Leverkusen