ഡാന്‍സിക്: (പോളണ്ട്): മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി വിയ്യാറയല്‍. ഡാന്‍സികിലെ പി.ജി.ഇ അരീനയില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും സ്‌കോര്‍ 1-1ന് നിലയിലായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 11-10 എന്ന സ്‌കോറിലായിരുന്നു വിയ്യാറയലിന്റെ ജയം. യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡിഹിയയാണ് കിക്ക് നഷ്ടപ്പെടുത്തിയത്. 

ക്ലബ്ബ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് യൂറോപ്പിലെ പ്രധാന ടൂര്‍ണമെന്റില്‍ വിയ്യാറയല്‍ കിരീടം നേടുന്നത്. ജയത്തോടെ അവര്‍ ചാമ്പ്യന്‍സ് ലീഗിനും യോഗ്യത  നേടി.

മത്സരത്തിന്റെ 29-ാം മിനിറ്റില്‍ ജെറാര്‍ഡ് മൊറിനോയിലൂടെ വിയ്യാറയലാണ് ആദ്യം മുന്നിലെത്തിയത്. പരേഹോ എടുത്ത ഫ്രീകിക്കില്‍ നിന്നായിരുന്നു മൊറിനോയുടെ ഗോള്‍. ആദ്യ പകുതി വിയ്യാറയലിന്റെ ലീഡില്‍ അവസാനിച്ചു.

55-ാം മിനിറ്റില്‍ എഡിന്‍സന്‍ കവാനി യുണൈറ്റഡിന്റെ സമനില ഗോള്‍ കണ്ടെത്തി. തുടര്‍ന്ന് യുണൈറ്റഡിന് കളിയില്‍ ആധിപത്യം ലഭിച്ചെങ്കിലും റാഷ്‌ഫോര്‍ഡും കവാനിയും രണ്ടാം പകുതിയില്‍ ലഭിച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.

എക്‌സ്ട്രാ ടൈമിലും ഇരു ടീമുകള്‍ക്കും സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഇരു ടീമിലെയും ആദ്യ അഞ്ച് താരങ്ങളും പന്ത് വലയിലെത്തിച്ചതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടു. 

തുടര്‍ന്നും അഞ്ച് താരങ്ങള്‍ വീതം ലക്ഷ്യം കണ്ടതോടെ പിന്നീട് ഗോള്‍കീപ്പര്‍മാരുടെ ഊഴമായി. വിയ്യറയല്‍ കീപ്പര്‍ ജെറോണിമോ റുല്ലി പന്ത് വലയിലെത്തിച്ചപ്പോള്‍ യുണൈറ്റഡിന്റെ കിക്കെടുത്ത ഡിഹിയക്ക് പിഴച്ചു.

Content Highlights: Europa League final Villarreal beat Manchester United 11-10 on penalties