ലണ്ടന്‍: യൂറോപ്പ ലീഗ് ആദ്യ പാദ സെമിഫൈനലില്‍ ആഴ്‌സണലിനെ സമനിലയില്‍ തളച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്. ആഴ്‌സണലിന്റെ തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് പേരുമായി കളിച്ചാണ് അത്‌ലറ്റിക്കോ മാഡ്രിഡ് സമനില നേടിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.

ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ രണ്ട് മഞ്ഞക്കാര്‍ഡുകള്‍ വാങ്ങി അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ പ്രതിരോധ താരം സിമെ പുറത്തുപോയി. ഇതോടെ സ്പാനിഷ് ടീം പത്ത് പേരിലേക്ക് ചുരുങ്ങി. എന്നാല്‍ ആഴ്‌സണലിന് അവസരങ്ങള്‍ നല്‍കാതെ അത്‌ലറ്റിക്കോയുടെ പ്രതിരോധം പിടിച്ചുനിന്നു. 

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 61-ാം മിനിറ്റില്‍ ലകസെറ്റിലൂടെ ആഴ്‌സണല്‍ ലീഡ് നേടി. എന്നാല്‍ അതിന് 82-ാം മിനിറ്റ് വരെ ആയുസുണ്ടായുള്ളു. ഫ്രഞ്ച് സൂപ്പര്‍താരം ഗ്രീസ്മാന്റെ ഗോളിലൂടെ അത്‌ലറ്റിക്കോ സമനില ഗോള്‍ കണ്ടെത്തി. 

അത്‌ലറ്റിക്കോയോട് സ്വന്തം ഗ്രൗണ്ടില്‍ സമനില വഴങ്ങിയതോടെ യൂറോപ്പ ലീഗ് കിരീടവുമായി വിടവാങ്ങാമെന്ന ആഴ്‌സണല്‍ പരിശീലകന്ഡ ആഴ്‌സന്‍ വെങ്ങറിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റു. എവേ ഗോളിന്റെ ആനുകൂല്യത്തിലാകും ഇനി മാഡ്രിഡില്‍ നടക്കുന്ന രണ്ടാം പാദ സെമിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് കളിക്കാനിറങ്ങുക. 

Content Highlights: Europa League Arsenal punished by 10-man Atletico Madrid