ലണ്ടന്‍: യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ ജര്‍മനിക്ക് വിജയം. കരുത്തന്‍മാര്‍ കളത്തിലിറങ്ങിയ മത്സരത്തില്‍ അവസാന മിനിറ്റിലായിരുന്നു ജര്‍മനി വിജയഗോള്‍ നേടിയത്. 

ലിറോയ് സാനെ, സെര്‍ജി ഗ്നാബറി, നിക്കോ ഷുള്‍സ് എന്നിവര്‍ ജര്‍മനിക്കായി ഗോള്‍ നേടിയപ്പോള്‍ ഹോളണ്ടിന് വേണ്ടി മെംഫിസ് ദിപേയും ഡി ലിറ്റും ഗോളടിച്ചു. ആംസ്റ്റര്‍ഡാമില്‍ നടന്ന മത്സരത്തില്‍ അസിസ്റ്റും ഗോളുമായി നിക്കോ ഷുള്‍സ് ജര്‍മനിക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 

അതേസമയം സൈപ്രസിനെ എതിരില്ലാത്ത രണ്ട് ഗോളിന് ബെല്‍ജിയം തോല്‍പ്പിച്ചു. ഈഡന്‍ ഹസാര്‍ഡും മിച്ചി ബാത്ശുവായിയുമാണ് ബെല്‍ജിയത്തിനായി ഗോള്‍ നേടിയത്. നൂറാം മത്സരത്തില്‍ ഗോളടിക്കാനായത് ഹസാര്‍ഡിന് ഇരട്ടിമധുരം നല്‍കുന്നു. ബെല്‍ജിയത്തിന് വേണ്ടി 100 മത്സരങ്ങള്‍ കളിക്കുന്ന മൂന്നാമത്തെ താരമാണ് ഹസാര്‍ഡ്.

മറ്റൊരു മത്സരത്തില്‍ വെയ്ല്‍സ് വിജയത്തോടെ തുടങ്ങി. സ്ലൊവാകിയയെ ഒരൊറ്റ ഗോളിനാണ് വെയ്ല്‍സ് തോല്‍പ്പിച്ചത്. കളി തുടങ്ങി അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ വെയ്ല്‍സ് ലീഡെടുത്തു. സ്വാന്‍സി സിറ്റി താരം ഡാനിയല്‍ ജെയിംസ് ആയിരുന്നു വിജയഗോളിനുടമ.

ജര്‍മനിയുടെ വിജയഗോള്‍

 

Content Highlights: euro cup qualifiers germnay wins vs netherlands