ലിസ്ബണ്‍: യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഫ്രാന്‍സിന് തകര്‍പ്പന്‍ വിജയവും പോര്‍ച്ചുഗലിന് സമനിലയും. സെര്‍ബിയയാണ് പോര്‍ച്ചുഗലിനെ സമനിലയില്‍ കുരുക്കിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു. ഐസ്‌ലന്‍ഡിനെതിരേ എതിരില്ലാത്ത നാല് ഗോളിനാണ് ഫ്രഞ്ച് പട വിജയിച്ചത്. 

പോര്‍ച്ചുഗലിനെതിരായ മത്സരം തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ഡുസാന്‍ ടാഡിച്ചിലൂടെ സെര്‍ബിയ ലീഡെടുത്തു. പെനാല്‍റ്റിയിലൂടെയായിരുന്നു ടാഡിച്ചിന്റെ ഗോള്‍. എന്നാല്‍ 42-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ സമനില ഗോള്‍ കണ്ടെത്തി. ഡാനിലൊ പെരെയ്‌രയാണ് പോര്‍ച്ചുഗലിനായി ലക്ഷ്യം കണ്ടത്. 

അതേസമയം പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മത്സരത്തിനിടെ പരിക്കേറ്റത് ടീമിന് തിരിച്ചടിയായി. 31-ാം മിനിറ്റില്‍ വലതു കാലിന് പേശീവലിവ് അനുഭവപ്പെട്ട റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടു. പകരം പിസിയെ പോര്‍ച്ചുഗല്‍ കളത്തിലിറക്കി. റൊണാള്‍ഡോയുടെ പരിക്ക് യുവന്റസിന് വലിയ ആശങ്കയാണ് നല്‍കുന്നത്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അടുത്തിരിക്കെ റൊണാള്‍ഡോയുടെ അഭാവം യുവന്റസിന് വലിയ തലവേദനയാകും സൃഷ്ടിക്കുക. 

അതേസമയം ഐസ്‌ലന്‍ഡിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ച് ലോകകപ്പ് ചാമ്പ്യന്‍മാരായ ഫ്രാന്‍സ് കരുത്ത് വീണ്ടും തെളിയിച്ചു. സാമുവല്‍ ഉംറ്റിറ്റി, ഒളീവര്‍ ജിറൗഡ്, എംബാപ്പെ, അന്റോയ്ന്‍ ഗ്രീസ്മാന്‍ എന്നിവരെല്ലാം ഫ്രാന്‍സിനായി ഗോള്‍ നേടി. ഒരു ഗോള്‍ പോലും ഐസ്‌ലന്‍ഡിന് തിരിച്ചടിക്കാനായില്ല.

 

Content Highlights: Euro Cup Qualifiers Cristiano Ronaldo Injury