ലണ്ടന്‍: യൂറോകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ നെതര്‍ലന്‍ഡ്‌സിന് മുന്നില്‍ കരുത്തരായ ജര്‍മനി വീണു. മറ്റുമത്സരങ്ങളില്‍ വമ്പന്‍മാരായ ബെല്‍ജിയം, ക്രൊയേഷ്യ, റഷ്യ ടീമുകള്‍ ജയംനേടി. 

ആറുഗോള്‍ ത്രില്ലറിലാണ് ഡച്ച്പട ജര്‍മനിയെ അട്ടിമറിച്ചത് (4-2). ഫ്രാങ്ക് ഡി ജോങ്, ഡോണ്യല്‍ മാലന്‍, ജോര്‍ജീന്യോ വിനാള്‍ഡം എന്നിവര്‍ ഡച്ച് ടീമിനായി ലക്ഷ്യംകണ്ടു. ജോനാതന്‍ താഹിന്റെ സെല്‍ഫ് ഗോളും തുണയായി. ജര്‍മനിക്കായി സെര്‍ജി നാമ്പ്രെയും ടോണി ക്രൂസും (പെനാല്‍റ്റി) സ്‌കോര്‍ ചെയ്തു.

ജയത്തോടെ ഗ്രൂപ്പ് സിയില്‍ നെതര്‍ലന്‍ഡ്‌സ് നില മെച്ചപ്പെടുത്തി. മൂന്ന് കളിയില്‍നിന്ന് ആറു പോയന്റുമായി ടീം മൂന്നാം സ്ഥാനത്താണ്. നാലു കളിയും ജയിച്ച് 12 പോയന്റുമായി ഉത്തര അയര്‍ലന്‍ഡാണ് ഒന്നാമത്. ഇത്രയും കളിയില്‍നിന്ന് ഒമ്പതുപോയന്റുള്ള ജര്‍മനി രണ്ടാമതും. ബലാറസ് (മൂന്ന്) എസ്‌തോണിയ (പൂജ്യം) എന്നിങ്ങനെയാണ് പോയന്റ് നില.

ഗ്രൂപ്പ് ഇ-യില്‍ ക്രൊയേഷ്യ എതിരില്ലാത്ത നാലുഗോളിന് സ്ലോവാക്യയെ തോല്‍പ്പിച്ചു. നിക്കോള വ്‌ളാസിച്ച്, ഇവാന്‍ പെരിസിച്ച്, ബ്രൂണോ പെട്രോവിച്ച്, ദെജാന്‍ ലോവ്റന്‍ എന്നിവര്‍ ക്രോട്ടുകള്‍ക്കായി ഗോള്‍ നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അസര്‍ബെയ്ജാനെ തോല്‍പ്പിച്ച് വെയ്ല്‍സ് പ്രതീക്ഷകാത്തു (2-1). ഗാരേത് ബെയ്ലിന്റെ ഗോളിനൊപ്പം പാവേല്‍ പാഷയേവിന്റെ സെല്‍ഫ് ഗോളും വെയ്ല്‍സിന് ഗുണംചെയ്തു. മാഹിര്‍ എംറേലി അസര്‍ബെയ്ജാന്റെ ഗോള്‍ നേടി.

ഗ്രൂപ്പില്‍ നാലു കളിയില്‍ നിന്ന് ക്രൊയേഷ്യയ്ക്കും ഹംഗറിക്കും ഒമ്പതുപോയന്റ് വീതമുണ്ട്. സ്ലോവാക്യയ്ക്കും വെയ്ല്‍സിനും ആറു പോയന്റ് വീതവും. അസര്‍ബെയ്ജാന് പോയന്റില്ല. ഇതോടെ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാകും.

ഗ്രൂപ്പ് ഐയിലെ മത്സരത്തിലാണ് ബെല്‍ജിയം സാന്‍ മരിനോക്കെതിരേ വന്‍വിജയം നേടിയത്. മിച്ചി ബാത്ഷുവായി ഇരട്ടഗോള്‍ നേടി. ഡ്രിസ് മെര്‍ട്ടന്‍സ്, നാസര്‍ ചാഡ്ലി എന്നിവരും ലക്ഷ്യംകണ്ടു. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ റഷ്യ സ്‌കോട്ട്ലന്‍ഡിനെ കീഴടക്കി (2-1). അര്‍ട്ടേം സ്യൂബ, സ്റ്റീഫന്‍ ഒ ഡോണല്‍ എന്നിവര്‍ റഷ്യയ്ക്കായും ജോണ്‍ മാക്ഗിന്‍ സ്‌കോട്ടിഷ് ടീമിനായും ഗോള്‍ നേടി. അഞ്ചു കളിയില്‍നിന്ന് 15 പോയന്റുമായി ബെല്‍ജിയമാണ് ഗ്രൂപ്പില്‍ മുന്നില്‍. 12 പോയന്റുമായി റഷ്യ രണ്ടാമതുണ്ട്. കസാഖ്സ്താന്‍ (ഏഴ്), സ്‌കോട്ട്ലന്‍ഡ് (ആറ്), സൈപ്രസ് (നാല്), സാന്‍മരിനോ (പൂജ്യം) എന്നിങ്ങനെയാണ് പോയന്റ് നില.

Content Highlights: Euro Cup Football Qualifying Germany vs Netherlands