Photo By Frank Augstein| AP, RAUL ARBOLEDA| AFP
ലണ്ടന്‍: ക്ലബ്ബ് ഫുട്ബോള്‍ സീസണിന് തിരശ്ശീല വീഴാന്‍ ഇനി ദിവസങ്ങള്‍മാത്രം ബാക്കി. എന്നാല്‍ ഫുട്ബോള്‍ ആരവം നിലയ്ക്കുന്നില്ല. അടുത്ത മാസം രണ്ട് ഫുട്ബോള്‍ മാമാങ്കങ്ങള്‍ ആരാധകരെ കാത്തിരിക്കുന്നു. യൂറോപ്പിലെ വമ്പന്മാരുടെ പോരാട്ടമായ യൂറോകപ്പും തെക്കേയമേരിക്കയുടെ കളിയായ കോപ്പ അമേരിക്ക കപ്പും. ജൂണ്‍ രണ്ടാംവാരത്തില്‍ കിക്കോഫാകുന്ന ടൂര്‍ണമെന്റുകള്‍ക്കായി ടീമുകള്‍ ഒരുക്കം തുടങ്ങി. 2020-ല്‍ നടക്കേണ്ട ടൂര്‍ണമെന്റുകള്‍ കോവിഡ് കാരണം 2021-ലേക്ക് മാറ്റുകയായിരുന്നു.
യൂറോകപ്പ്
11 രാജ്യങ്ങളിലെ 11 നഗരങ്ങളിലായാണ് ഇക്കുറി യൂറോകപ്പ് നടത്തുന്നത്. മത്സരം ജൂണ്‍ 11 മുതല്‍ ജൂലായ് 11 വരെ. സെമിയും ഫൈനലും ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടക്കും. 24 ടീമുകള്‍ മത്സരിക്കുന്നു. 51 മത്സരങ്ങളുണ്ടാകും. പോര്‍ച്ചുഗലാണ് നിലവിലെ ചാമ്പ്യന്മാര്. നാല് ടീമുകള്‍ വീതമുള്ള ആറ് ഗ്രൂപ്പുകളുണ്ടാകും. ഗ്രൂപ്പ് ചാമ്പ്യന്മാരും റണ്ണറപ്പും നോക്കൗട്ട് റൗണ്ടിലെത്തും. ഇതിനു പുറമെ മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീ ക്വാര്‍ട്ടറിലെത്തും. തുര്‍ക്കിയും ഇറ്റലിയും തമ്മിലാണ് ഉദ്ഘാടനമത്സരം. വിവിധ രാജ്യങ്ങള്‍ ടീമുകളെ പ്രഖ്യാപിച്ചു തുടങ്ങി.
ടീമുകള്‍
ഗ്രൂപ്പ് എ - തുര്‍ക്കി, ഇറ്റലി, വെയ്ല്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്
ഗ്രൂപ്പ് ബി - ഡെന്മാര്ക്ക്, ഫിന്‍ലന്‍ഡ്, ബെല്‍ജിയം, റഷ്യ
ഗ്രൂപ്പ് സി - ഹോളണ്ട്, യുക്രൈന്, ഓസ്ട്രിയ, വടക്കന്‍ മാസിഡോണിയ
ഗ്രൂപ്പ് ഡി - ഇംഗ്ലണ്ട്, ക്രൊയേഷ്യ, സ്കോട്ട്ലന്‍ഡ്, ചെക്ക് റിപ്പബ്ലിക്ക്
ഗ്രൂപ്പ് ഇ - സ്പെയിന്, സ്വീഡന്, പോളണ്ട്, സ്ലൊവാക്യ
ഗ്രൂപ്പ് എഫ് - ഹംഗറി, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി
കോപ്പ അമേരിക്ക
ജൂണ്‍ 13 മുതല്‍ ജൂലായ് 10 വരെ അര്‍ജന്റീനയിലും കൊളംബിയയിലുമായിട്ടാണ് കോപ്പ അമേരിക്ക നടക്കുന്നത്. കൊളംബിയയില്‍ രാഷ്ട്രീയമായ അസ്ഥിരതയുള്ളതിനാല് ടൂര്‍ണമെന്റ് മൊത്തത്തില്‍ നടത്താന്‍ അര്‍ജന്റീന തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. നിലവില്‍ ഇരുരാജ്യങ്ങളിലുമായി എട്ട് നഗരങ്ങളില്‍ നടത്താനാണ് പദ്ധതി. ആദ്യ മത്സരം അര്‍ജന്റീനയും ചിലിയും തമ്മില്‍.
ആകെ പത്ത് ടീമുകളാണ് രണ്ട് ഗ്രൂപ്പിലായി മത്സരിക്കുക. ഏഷ്യന്‍ രാജ്യങ്ങളായ ഖത്തറും ഓസ്ട്രേലിയയും ടൂര്‍ണമെന്റില്‍നിന്ന് പിന്മാറിയിരുന്നു. ഇരു ഗ്രൂപ്പുകളില്‍ നിന്നായി നാല് വീതം ടീമുകള്‍ ക്വാര്‍ട്ടറിലെത്തും. ബ്രസീലാണ് നിലവിലെ ചാമ്പ്യന്മാര്.
ടീമുകള്‍
ഗ്രൂപ്പ് എ - അര്‍ജന്റീന, ബൊളീവിയ, യുറഗ്വായ്, ചിലി, പാരഗ്വായ്
ഗ്രൂപ്പ് ബി - കൊളംബിയ, ബ്രസീല്‍, വെനെസ്വല, ഇക്വഡോര്‍, പെറു
കോവിഡ് ഭീതി
യൂറോകപ്പ് 12 വേദികളിലായി നടത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തോടെ 11 വേദികളിലായി. കോവിഡ് പശ്ചാത്തലത്തില്‍ യൂറോകപ്പിനായി പ്രത്യേക ചട്ടങ്ങള്‍ നടപ്പാക്കുന്നുണ്ട്.
ഓരോ ടീമിലെയും കളിക്കാരുടെ എണ്ണം 23-ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചു. ടീമില്‍ രോഗബാധയുണ്ടാകുന്ന പക്ഷം, രോഗമില്ലാത്ത 13 കളിക്കാരെങ്കിലുമുണ്ടെങ്കില് കളിക്കാന്‍ അനുവദിക്കും. അല്ലെങ്കില്‍ മത്സരം പുനഃക്രമീകരിക്കും. അഞ്ച് പകരക്കാരെ ടൂര്‍ണമെന്റില്‍ അനുവദിക്കും. ടൂര്‍ണമെന്റിന് മുമ്പ് ടീമുകള്‍ ക്വാറന്റീനില്‍ കഴിയണം. സ്റ്റേഡിയത്തിന്റെ കപ്പാസിറ്റിയുടെ 25 ശതമാനം കാണികളെ അനുവദിക്കും.
കോപ്പ അമേരിക്കയുടെ വേദിയായ അര്‍ജന്റീനയില്‍ കോവിഡ് വ്യാപനം ശക്തമാണ്. 33 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. 70552 പേര് മരിച്ചു.
Content Highlights: Euro Cup and Copa America starting next month
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..