ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കാനിരുന്ന യൂറോ 2020 ടൂര്‍ണമെന്റ് മാറ്റിവെയ്ക്കാന്‍ യൂറോപ്യന്‍ ഭരണസമിതി തീരുമാനിച്ചു. ചൊവ്വാഴ്ച യുവേഫയും യുവേഫ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ഔദ്യേഗിക തീരുമാനമുണ്ടായത്.

കോവിഡ്-19 ആശങ്കയുടെ പശ്ചാത്തലത്തിലാണ് നടപടി. 2021 ജൂണ്‍, ജൂലായ് മാസങ്ങളിലാകും ഇനി ടൂര്‍ണമെന്റ് നടത്തുക. നോര്‍വീജിയന്‍, സ്വീഡിഷ് ഫുട്‌ബോള്‍ അസോസിയേഷനുകള്‍ ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

യുവേഫയിലെ 55 രാജ്യങ്ങളുടെ പ്രതിനിധികള്‍ ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പലരും പങ്കെടുത്തത്. ടൂര്‍ണമെന്റ് മാറ്റിവെയ്ക്കണമെന്ന് ആതിഥേയരായ ഇറ്റലി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച രാജ്യങ്ങളിലൊന്ന് ഇറ്റലിയാണ്. 

12 യൂറോപ്യന്‍ നഗരങ്ങളില്‍ ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെയായിരുന്നു യൂറോ കപ്പ് 2020 നടത്താന്‍ തീരുമാനിച്ചിരുന്നത്.

Content Highlights: Euro 2020 postponed due to coronavirus pandemic