മാഡ്രിഡ്: ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനെ ഞെട്ടിച്ച് എസ്പാനിയോള്‍. മത്സരം അവസാന മിനിറ്റിലേക്ക് നീങ്ങവെ ഇഞ്ചുറി ടൈമിലാണ് എസ്പാനിയോളിന്റെ വിജയഗോള്‍ വന്നത്. സ്പാനിഷ് താരം ജെറാര്‍ഡ് മൊറീനോയാണ്‌ എസ്പാനിയോളിന്റെ വിജയശില്‍പ്പി.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക്് വിശ്രമം അനുവദിച്ചാണ് റയല്‍ കളത്തിലിറങ്ങിയത്. നിരവധി അവസരങ്ങള്‍ കളഞ്ഞ ജെറാര്‍ഡ് ഒടുവില്‍ അവസാന നിമിഷം മനോഹരമായൊരു വോളിയിലൂടെ ലക്ഷ്യം കാണുകയായിരുന്നു. 11 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് റയലിനെതിരെ എസ്പാനിയോള്‍ വിജയം കാണുന്നത്. 

തോല്‍വിയോടെ 26 മത്സരങ്ങളില്‍ നിന്ന് 51 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് റയല്‍. രണ്ടാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് റയലിനേക്കാള്‍ ഏഴു പോയിന്റ് കൂടുതല്‍ അക്കൗണ്ടിലുണ്ട്. 

അവസാന മിനിറ്റിലെ ഗോള്‍ റയല്‍ അര്‍ഹിച്ചതല്ലെന്നും മികച്ച കളി പുറത്തെടുത്തത് റയലാണെന്നും മത്സരശേഷം പരിശീലകന്‍ സിദാന്‍ വ്യക്തമാക്കി. എസ്പാനിയോളിന് ആകെ കുറച്ച് അവസരങ്ങള്‍ മാത്രമാണ് ലഭിച്ചത്. ആദ്യ പകുതിയില്‍ റയല്‍ നന്നായി കളിച്ചു. പക്ഷേ ലക്ഷ്യം കാണാനായില്ല. രണ്ടാം പകുതിയില്‍ പിന്നോട്ട് പോയെങ്കിലും അവസാന മിനിറ്റിലെ ഗോള്‍ അര്‍ഹിച്ചിരുന്നില്ല. സിദാന്‍ മത്സരശേഷം പ്രതികരിച്ചു.

Content Highlights: Espanyol’s Gerard Moreno stuns Real Madrid with dramatic winner